സ്വന്തം ലേഖകൻ: റഷ്യൻ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിനു മുൻപ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ മിന്നൽ സന്ദർശനത്തിനു പിന്നിൽ അതീവ ശ്രദ്ധയോടെയുള്ള മുന്നൊരുക്കങ്ങൾ. യുഎസിന്റെ ആധുനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അമേരിക്കൻ സേനാ സാന്നിധ്യമില്ലാത്ത യുദ്ധഭൂമിയിൽ സന്ദർശനം നടത്തുന്നത്. അതും ബദ്ധവൈരികളായ റഷ്യൻ സൈന്യം തുടർച്ചയായി ആക്രമണം നടത്തുന്ന യുക്രെയ്നിൽ!
അതീവ വെല്ലുവിളി നിറഞ്ഞ ഇത്തരമൊരു സന്ദർശനത്തിനായി യുഎസ് അധികൃതർ രഹസ്യമായി വൻതോതിലുള്ള സുരക്ഷാ മുന്നൊരുക്കങ്ങളാണ് നടത്തിയതെന്നാണ് വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. മാസങ്ങളെടുത്ത് തയാറാക്കിയ പദ്ധതി പ്രകാരം, യുഎസിൽനിന്ന് യാത്ര ആരംഭിച്ചതു മുതൽ കീവിൽ എത്തുന്നതു വരെയുള്ള ഓരോ നീക്കവും അതീവ രഹസ്യമായിരുന്നു.
പോളണ്ടിലെ വാഴ്സോയിലേക്ക് രണ്ടു ദിവസത്തെ സന്ദർശനത്തിനു ബൈഡൻ പുറപ്പെടുമെന്നു മാധ്യമപ്രവർത്തകരെ വൈറ്റ് ഹൗസ് ദിവസങ്ങൾക്കു മുൻപേ അറിയിച്ചിരുന്നു. കീവ് സന്ദർശനം സംബന്ധിച്ചു ചോദ്യം ഉയർന്നിട്ടും വൈറ്റ് ഹൗസ് മൗനം പാലിക്കുകയാണു ചെയ്തത്. തിങ്കളാഴ്ച വൈകിട്ടു വാഴ്സോയിലേക്കു പുറപ്പെടുമെന്നായിരുന്നു നേരത്തേ പുറത്തുവിട്ട യാത്രവിവരത്തിലുണ്ടായിരുന്നത്.
അതേസമയം, മാസങ്ങൾക്കു മുൻപേ കീവ് യാത്ര പ്രസിഡന്റിന്റെ ഏറ്റവുമടുത്ത വൃത്തത്തിൽ വിശദമായി പദ്ധതിയിട്ടിരുന്നു. വൈറ്റ് ഹൗസിലെയും യുഎസ് ദേശീയ സുരക്ഷാ ഏജൻസികളിലെയും ഒരുകൂട്ടം മുതിർന്ന ഉദ്യോഗസ്ഥരാണ് അതീവ രഹസ്യമായി മാസങ്ങൾ നീണ്ട തയാറെടുപ്പു നടത്തിയതെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വെളിപ്പെടുത്തുന്നു. യുക്രെയ്ന്റെ അയൽരാജ്യമായ പോളണ്ടിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പോകുന്ന വിവരം പ്രഖ്യാപിച്ചതു മുതൽ യുക്രെയ്ൻ സന്ദർശനത്തിന്റെ കാര്യവും മാധ്യമങ്ങൾ ബൈഡനോടും വിശ്വസ്തരോടും തുടർച്ചയായി ആരാഞ്ഞിരുന്നു.
എന്നാൽ, അത്തരമൊരു സാധ്യത തെല്ലുമില്ലെന്നു വ്യക്തമാക്കുന്ന മറുപടികളാണ് ലഭിച്ചത്. വെള്ളിയാഴ്ച മാത്രമാണ് യാത്രയ്ക്ക് ബൈഡൻ പച്ചക്കൊടി കാട്ടിയത്. കീവ് സന്ദർശനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായതിനു പിന്നാലെ, ഇക്കാര്യം യുക്രെയ്നുമായി ആക്രമണം നടത്തുന്ന റഷ്യയെ ഔദ്യോഗികമായി അറിയിക്കാനുള്ള നടപടികൾ വൈറ്റ് ഹൗസ് സ്വീകരിച്ചു. ബൈഡൻ കീവിലെത്തുന്ന സമയത്ത് അപ്രതീക്ഷിത ആക്രമണങ്ങളും അതേതുടർന്നുണ്ടായേക്കാവുന്ന വൻ അത്യാഹിതങ്ങളും തടയുന്നതിനായിരുന്നു ഇത്.
തിങ്കളാഴ്ച വൈകിട്ട് യുഎസിൽനിന്നു വാഴ്സോയിലേക്കു പുറപ്പെടുമെന്ന് അറിയിച്ചിരുന്ന പ്രസിഡന്റിന്റെ വിമാനം ഞായറാഴ്ച രാവിലെ 4 നു തന്നെ വാഷിങ്ടനിലെ വ്യോമത്താവളത്തിൽനിന്നു പുറപ്പെടുകയായിരുന്നു. യുഎസ് പ്രസിഡന്റുമാർ വിദേശ സന്ദർശനങ്ങൾക്ക് പതിവായി ഉപയോഗിക്കുന്ന വിമാനത്തിനു പകരം, അതിന്റെ ചെറിയൊരു പതിപ്പാണ് ഇത്തവണ ഉപയോഗിച്ചത്.
മാത്രമല്ല, ഔദ്യോഗിക സന്ദർശനങ്ങൾക്കായി ബൈഡൻ സാധാരണ പുറപ്പെടുന്ന സ്ഥലത്തായിരുന്നില്ല ഈ വിമാനം നിർത്തിയിട്ടിരുന്നത്. ഇതിനു പുറമെ വിമാനത്തിന്റെ ജനൽ ഷെയ്ഡുകൾ പൂർണമായും താഴ്ത്തിയിട്ടാണ് അത് പാർക്ക് ചെയ്തിരുന്നതും. രാവിലെ നാലിനു പറന്നുയർന്ന വിമാനം, ഏഴു മണിക്കൂർ നീണ്ട യാത്രയ്ക്കു ശേഷം ജർമനിയിലെ റാംസ്റ്റെയ്നിലുള്ള യുഎസ് മിലിട്ടറി ബേസിൽ ലാൻഡ് ചെയ്തു. ഇന്ധനം നിറയ്ക്കുന്നതിനായിരുന്നു ഇത്. ഈ സമയവും ജനൽ ഷെയ്ഡുകൾ താഴ്ത്തിയിട്ട നിലയിലായിരുന്നു.
മാത്രമല്ല, വിമാനത്തിൽനിന്ന് ആരും പുറത്തിറങ്ങിയതുമില്ല. ഇന്ധനം നിറച്ച ശേഷം പറന്നുയർന്ന വിമാനം പോളണ്ടിലാണ് ലാൻഡ് ചെയ്തത്. പോളണ്ടിലെ വിമാനത്താവളത്തിൽനിന്ന് ട്രെയിൻ മാർഗമായിരുന്നു ബൈഡന്റെയും സംഘത്തിന്റെയും തുടർന്നുള്ള യാത്ര. അതീവ രഹസ്യമായിട്ടായിരുന്നു ഈ നീക്കവും. വിമാനത്തിൽ നിന്ന് പുറത്തിറങ്ങി ബൈഡനും സംഘവും പോളണ്ട് അതിർത്തിയിലെ റെയിൽവേ സ്റ്റേഷനിലെത്തിയ വിവരം ആരും അറിഞ്ഞില്ല. യുക്രെയ്നിലേക്കുളള ടൺകണക്കിനു സഹായസാമഗ്രികൾ പോകുന്ന പാതയിൽ എട്ടു ബോഗികൾ ഉൾപ്പെടുന്ന പ്രത്യേക ട്രെയിനിലായിരുന്നു ആ യാത്ര. രാത്രിയിൽ 10 മണിക്കൂർ പിന്നിട്ട യാത്രയ്ക്കൊടുവിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഘം കീവിലെത്തിയത്.
ബറാക് ഒബാമയ്ക്കു കീഴിൽ യുഎസ് പ്രസിഡന്റായിരുന്ന അവസരത്തിൽ കീവ് സന്ദർശിച്ച ബൈഡൻ, പ്രസിഡന്റെന്ന നിലയിൽ ഇവിടെയെത്തിയത് ഇതാദ്യം. ‘‘കീവിലേക്ക് തിരികെയെത്തിയതിൽ സന്തോഷം’’ എന്നായിരുന്നു ബൈഡന്റെ ആദ്യ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല