1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2023

സ്വന്തം ലേഖകൻ: കോവിഡില്‍നിന്ന് രക്ഷപ്പെടാന്‍ മൂന്ന് കൊല്ലമായി വീട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞുവന്ന മുപ്പത്തിമൂന്നുകാരിയേയും മകനേയും ചൊവ്വാഴ്ച പോലീസ് സംഘമെത്തി പുറത്തിറക്കി. ഹരിയാണ ഗുരുഗ്രാമിലെ ചക്കര്‍പുരിലെ വാടകവീട്ടിലാണ് കോവിഡിനെ ഭയന്ന് യുവതി പത്തുവയസുള്ള മകനുമായി ‘ഏകാന്തവാസ’ത്തില്‍ തുടര്‍ന്നത്.

പോലീസ് സംഘവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി അംഗങ്ങളും എത്തി വീടിന്റെ പ്രധാനവാതില്‍ തകര്‍ത്താണ് മുന്‍മുന്‍ മാജി എന്ന യുവതിയേയും മകനേയും പുറത്തെത്തിച്ചത്. യുവതിയ്ക്ക് മാനസികപ്രശ്‌നങ്ങളുള്ളതായും യുവതിയേയും മകനേയും റോഹ്ത്തക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗുരുഗ്രാം സിവില്‍ സര്‍ജന്‍ ഡോക്ടര്‍ വിരേന്ദര്‍ യാദവ് അറിയിച്ചു.

ഫെബ്രുവരി 17-ന് മുന്‍മുന്നിന്റെ ഭര്‍ത്താവ് സുജന്‍ മാജി സഹായം തേടി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്വകാര്യകമ്പനിയില്‍ എന്‍ജിനീയറാണ് സുജന്‍. കോവിഡ് വ്യാപനത്തേക്കുറിച്ചുള്ള ഭീതി മൂലം ഭർത്താവിനെ അടക്കം പുറത്താക്കി മുന്‍മുന്‍ വീടിനുള്ളില്‍ ഏകാന്തവാസം ആരംഭിക്കുകയായിരുന്നു. 2020-ല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ആദ്യം ഇളവുവരുത്തിയപ്പോള്‍ ജോലിയ്ക്ക് പോയ ഭര്‍ത്താവിനെ പിന്നീട് മുന്‍മുന്‍ വീടിനുള്ളില്‍ പ്രവേശിപ്പിച്ചില്ല.

ആദ്യത്തെ കുറച്ചുദിവസങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം കഴിഞ്ഞ സുജന്‍ ഭാര്യയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഗത്യന്തരമില്ലാതെ ഭാര്യയും മകനും താമസിക്കുന്നതിന് സമീപത്തുതന്നെ മറ്റൊരു വീട് വാടകയ്ക്കെടുത്ത് താമസമാരംഭിക്കുകയും ചെയ്തു. വീഡിയോകോളിലൂടെ മാത്രമായിരുന്നു ഭാര്യയും മകനുമായുള്ള ആശയവിനിമയം. വീടിന്റെ വാടക, വൈദ്യുതിബില്‍ തുടങ്ങിയവ സുജന്‍ മുടങ്ങാതെ നല്‍കി. ഭാര്യയ്ക്കും മകനും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി വീടിനുപുറത്ത് വെച്ചുമടങ്ങി.

ആദ്യം സുജന്‍ സഹായം തേടിയെത്തിയപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയെങ്കിലും വീഡിയോകോളിലൂടെ മുന്‍മുനുമായും മകനുമായും സംസാരിക്കുകയും അവരുടെ വീടിന്റെ അവസ്ഥ കാണുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായതെന്ന് സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. തുടർന്ന് എത്രയും പെട്ടെന്ന് അവരെ പുറത്തെത്തിക്കാനും ചികിത്സ നല്‍കാനുമുള്ള നടപടികള്‍ സ്വീകരിച്ചു.

മൂന്ന് കൊല്ലമായി മുന്‍മുന്‍ പുറത്തിറങ്ങുകയോ സൂര്യപ്രകാശം ഏല്‍ക്കുകയോ ചെയ്തിരുന്നില്ല. ഭാര്യയേയും മകനേയും പുറത്തെത്തിച്ചതോടെ സുജന്‍ സന്തുഷ്ടനായി. തന്റെ കുടുംബജീവിതം ഇനി പഴയുപോലെയാകുമെന്ന പ്രതീക്ഷയും സുജന്‍ പങ്കുവെച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.