1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2023

സ്വന്തം ലേഖകൻ: രു ദിവസം മൂന്ന് ജോലികള്‍ ചെയ്യുന്ന ഒരു സ്ത്രീയുടെ കഠിനധ്വാനത്തിന്റെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചെന്നൈ എംജിആര്‍ നഗര്‍ സ്വദേശിയായ പരമേശ്വരിയാണ് ഈ കഥയിലെ ഹീറോ. ഹ്യൂമന്‍സ് ഓഫ് മദ്രാസ് എന്ന സോഷ്യല്‍ മീഡിയ പേജിലാണ് പരമേശ്വരിയുടെ ജീവിതകഥ പറയുന്നത്.

സ്വന്തമായി ഒരു വീട് വയ്ക്കാനും സ്‌കൂട്ടര്‍ വാങ്ങാനുമാണ് 36-കാരിയായ പരമേശ്വരിയുടെ കഠിനധ്വാനം. ഭര്‍ത്താവ്, രണ്ടു കുട്ടികള്‍, അമ്മ, സഹോദരി, അവരുടെ കുഞ്ഞ് എന്നിവര്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ അത്താണിയാണ് പരമേശ്വരി. അവര്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായി.

‘ജീവിതം എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. സന്തോഷമായിരിക്കുക എന്നത് ഒരു വെല്ലുവിളി അല്ല. അത് മാനസികമായി ഉണ്ടാകുന്നതാണ്. നമുക്ക് സന്തോഷമായി ജീവിക്കണമെന്ന് നമ്മള്‍ വിചാരിച്ചാല്‍ ഈ വെല്ലുവിളികളും പ്രതിസന്ധികളേയുമെല്ലാം തരണം ചെയ്യാന്‍ കഴിയും. സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല’-പരമേശ്വരി ആത്മവിശ്വാസത്തോടെ പറയുന്നു.

പുലര്‍ച്ചെ നാല് മണിക്ക് പരമേശ്വരിയുടെ ജോലി തുടങ്ങും. ആദ്യം അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. കോയമ്പേട്‌ അമ്മയ്ക്ക് ഒരു കടയുണ്ട്. അവിടേക്കു്ള്ള സാധനങ്ങളും ശരിയാക്കും. അതിനുശേഷം പരമേശ്വരി വീട്ടുജോലിക്ക് പോകും. ഇതിനിടെ സമയം കിട്ടിയാല്‍ മാത്രം ഉച്ചഭക്ഷണം കഴിക്കും.

ഉച്ചയ്ക്ക്‌ശേഷം ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ചായയും കാപ്പിയും നല്‍കും. രാത്രി അടുത്ത ജോലിയില്‍ പ്രവേശിക്കും. വഴിയോരത്തെ തട്ടുകടയില്‍ പാത്രം കഴുകലാണ് ജോലി. രാത്രി 11 മണി വരെ അത് നീളും. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ഉറങ്ങാനുള്ള സമയമായിട്ടുണ്ടാകും. നാല് മണിക്കൂറാണ് ഉറക്കം.’-പരമേശ്വരി പറയുന്നു.

ഭര്‍ത്താവില്‍ നിന്ന് ഒരു സാമ്പത്തിക സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല. അവധി എടുക്കണമെങ്കില്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പറയണമെന്നും ഒരാള്‍ അവധി തന്നില്ലെങ്കില്‍ അതുകൊണ്ട് തനിക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും പരമേശ്വരി പറയുന്നു.

‘നമുക്ക് മനക്കരുത്തുണ്ടെങ്കില്‍ ആര്‍ക്കും നമ്മെ വേദനിപ്പിക്കാനാകില്ല. പ്രതിസന്ധികള്‍ ജീവിതത്തിന്റെ ഒരു ഘട്ടമാണെന്ന് കരുതി സമാധാനത്തോടെ ഇരുന്നാല്‍ സന്തോഷം നമ്മെ തേടിയെത്തും’-പരമേശ്വരി ചിരിയോടെ പറയുന്നു.

പരമേശ്വരിയുടെ ഈ ജീവിതകഥയ്‌ക്കൊപ്പം അവരുടെ ചിത്രങ്ങളും ഹ്യൂമന്‍സ് ഓഫ് മദ്രാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അതിലൊന്ന് അവര്‍ തട്ടുകടയില്‍ പാത്രം കഴുകുന്ന ചിത്രമാണ്. ഇതിന് താഴെ നിരവധി പേരാണ് പരമേശ്വരിയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്.

https://www.instagram.com/p/Co4p1AWyVXZ/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.