1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2023

സ്വന്തം ലേഖകൻ: 52 വര്‍ഷങ്ങളായി അമേരിക്കന്‍ കുറ്റാന്വേഷണ ചരിത്രത്തില്‍ ഒരു കോള്‍ഡ് കേസായി തുടരുകയായിരുന്ന റിതാ കുറന്‍ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. വേര്‍മോണ്ടിലെ സ്‌കൂള്‍ അധ്യാപികയായിരുന്ന റിതയെ ക്രൂരമായി കൊലപ്പെടുത്തിയത് അയല്‍വാസിയാണെന്ന് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം പൊലീസ് കണ്ടെത്തി. അതിന് നിര്‍ണായകമായതോ ഒരു സിഗരറ്റ് കുറ്റിയും.

1971 ജൂലായ് 19ന് സ്വന്തം അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിതയെ ആരോ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ക്രൈം സീനില്‍ നിന്ന് ആകെ വീണ്ടെടുക്കാനായത് എരിഞ്ഞ് തീര്‍ന്ന ഒരു സിഗരറ്റ് കുറ്റി മാത്രമായിരുന്നു.

വില്യം ഡിറൂസ് എന്നയാളും ഭാര്യയുമാണ് റിതയുടെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നത്. തങ്ങള്‍ രാത്രി മുഴുവന്‍ വീട്ടിലുണ്ടായിരുന്നെന്നും റിതയുടെ അപാര്‍ട്ട്‌മെന്റില്‍ നിന്നും യാതൊരു ശബ്ദവും കേട്ടില്ലെന്നും ദമ്പതികള്‍ പറഞ്ഞിരുന്നു. സംശയം തോന്നിയ പലരേയും ചോദ്യം ചെയ്‌തെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം 2014ലാണ് കേസിലെ ഏക തെളിവായ സിഗരറ്റ് കുറ്റി ഡിഎന്‍എ പ്രൊസസിംഗിനായി നല്‍കുന്നത്. കൊല്ലപ്പെട്ട ദിവസം റിത ധരിച്ചിരുന്ന ജാക്കറ്റില്‍ കണ്ടെത്തിയ ഡിറൂസിന്റെ ഡിഎന്‍എയുമായി സിഗരറ്റ് കുറ്റിയിലെ ഡിഎന്‍എയ്ക്ക് സാമ്യം കണ്ടെത്തി. കൊലപാതകം ഡിറൂസ് തന്നെയാണ് നടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചു.

എന്നാല്‍ അതിനോടകം ഡിറൂസ് അമിതമായ മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് മരണപ്പെട്ടിരുന്നു. റിത മരിച്ച ദിവസം തന്നോട് വഴക്കുണ്ടാക്കി ഭര്‍ത്താവ് പുറത്തേക്ക് പോയിരുന്നെന്നും പിന്നീട് താന്‍ പുറത്തേക്ക് പോയ വിവരം പൊലീസിനോട് പറയരുതെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞിരുന്നെന്നും ഡിറൂസിന്റെ ഭാര്യ പിന്നീട് പൊലീസിന് മൊഴി നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.