1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2023

സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ അജയ് ബാംഗ (63) ലോകബാങ്ക് പ്രസിഡന്റാകും. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാൽപാസ് ഏപ്രിലിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും വലിയ ഓഹരിയുടമയായ യുഎസ് പുതിയ പ്രസിഡന്റിനെ നിർദേശിച്ചത്. ലോകബാങ്ക് എക്സിക്യൂട്ടീവ് ബോർഡ് അംഗീകരിച്ചതിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

ജനറൽ അറ്റ്ലാന്റിക് വൈസ് ചെയർമാനായ ബാംഗ, മാസ്റ്റർകാർഡ് പ്രസിഡന്റും സിഇഒയും ആയിരുന്നു. നെസ്‌ലെ, പെപ്സികോ തുടങ്ങിയ കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം, 1990കളിൽ വിദേശ ഫാസ്റ്റ് ഫുഡ് ബ്രാൻ‌ഡുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. പുണെ സ്വദേശിയായ ബാംഗ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ധനശാസ്ത്രത്തിൽ ബിരുദവും ഐഐഎം അഹമ്മദാബാദിൽ നിന്ന് മാനേജ്മെന്റിൽ പിജിപിയും (എംബിഎ തത്തുല്യം) നേടിയിട്ടുണ്ട്. 2016ൽ പത്മശ്രീ പുരസ്കാരം നേടിയിരുന്നു.

മലയാളിയായ ഗീത ഗോപിനാഥ് 2021 ൽ രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) ആദ്യത്തെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പദവിയിലെത്തിയതിനു പിന്നാലെയാണ് മറ്റൊരു ഇന്ത്യക്കാരൻ ലോകബാങ്കിന്‍റെ തലപ്പത്തേക്ക് എത്തുന്നത്. ലോകബാങ്ക് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ആൻഡ് മാനേജിങ് ഡയറക്ടർ തസ്തിക വഹിക്കുന്ന അൻഷുല കാന്തും ഇന്ത്യക്കാരിയാണ്. വികസ്വര രാജ്യങ്ങൾക്ക് വായ്പകളും മറ്റു സാമ്പത്തിക സഹായങ്ങളും നൽകുന്ന ആഗോള ധനകാര്യ സ്ഥാപനമായ ലോകബാങ്കിന്‍റെ ആസ്ഥാനം വാഷിങ്ടനിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.