സ്വന്തം ലേഖകൻ: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നും ഇസ്രയേലില്‍ എത്തിയ സംഘത്തില്‍ നിന്നും കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യന് തിങ്കളാഴ്ച തിരിച്ചെത്തിയേക്കും. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രയേലിലെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെ കേരളത്തിലേക്ക് വിമാനം കയറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് സംഘത്തില്‍ നിന്നും മുങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഘത്തില്‍ നിന്നും മുങ്ങി ജറുസലേമിലെത്തിയെന്നും പിന്നീട് ബെത്ലെഹേമിലേക്ക് തിരിച്ചു എന്നുമാണ് സൂചന.
ബെത്ലെഹേമില്‍ ഒരു ദിവസം ചെലവഴിച്ച് പിറ്റേന്ന് സംഘത്തോടൊപ്പം ചേര്‍ന്ന് മടങ്ങാനായിരുന്നു ബിജുവിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ സംഘം ഇതിനിടെ നാട്ടിലേക്കു മടങ്ങി.
പിന്നീട് നാട്ടിലേക്കു മടങ്ങാന്‍ ബിജു തീരുമാനിക്കുകയായിരുന്നു. താന്‍ വരുത്തിവെച്ച പ്രശ്നങ്ങള്‍ക്ക് കൃഷിമന്ത്രി പി. പ്രസാദിനോട് ബിജു കുര്യന് ക്ഷമാപണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷിതനാന്നെും തന്നെ അന്വേഷിക്കേണ്ട എന്നും കുടുംബാംഗങ്ങള്‍ക്ക് ബിജു വാട്സാപ്പ് സന്ദേശമയക്കുകയും ചെയ്തിരുന്നു.
സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്ക് അയച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 17-ന് രാത്രി ബിജുവിനെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവെ ബിജു വാഹനത്തില്‍ കയറിയില്ലെന്നും തുടര്‍ന്ന് കാണാതായെന്നുമാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല