സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞദിവസം ദമാമിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരഞ്ഞ സംഭവത്തിൽ മുഖ്യപൈലറ്റിന് വലിയ പിഴവുണ്ടായതായി കണ്ടെത്തൽ. മുംബൈയിലെ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിലാണിത്.
വിമാനം പറത്തുന്നതിനാവശ്യമായ വൈദഗ്ധ്യംപോരെന്ന് വ്യക്തമായതിനെത്തുടർന്ന് ഇവരെ ജോലിയിൽനിന്ന് താത്കാലികമായി മാറ്റിനിർത്തി. മുഖ്യപൈലറ്റ് സഞ്ജയ് ശരൺ, സഹപൈലറ്റ് സാഗരിക എന്നിവർക്കെതിരേയാണ് നടപടി. രണ്ടാഴ്ച നിർബന്ധിത സിമുലേറ്റർ (വിമാനത്തിന്റെ കോക്ക്പിറ്റിന് സമാനമായ ഉപകരണം) പരിശീലനത്തിന് പോകാനും ഇവരോട് നിർദേശിച്ചു. തിങ്കളാഴ്ച മുംബൈയിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ സിമുലേറ്റർ േകന്ദ്രത്തിലെത്തി പരിശീലനം തുടങ്ങണം.
വിമാനം പറന്നുയർന്നപ്പോൾ റൺവേയിൽ വാൽഭാഗം ഉരസി ടെയിൽ സ്കിഡ് എന്ന ഭാഗത്തിന് തകരാർ പറ്റിയിരുന്നു. രണ്ടരമണിക്കൂർ ആശങ്കയ്ക്കൊടുവിൽ വിമാനം പിന്നീട് തിരുവനന്തപുരത്ത് സുരക്ഷിതമായിറക്കി. പുതിയ ടെയിൽസ്കിഡ് സ്ഥാപിച്ചശേഷം വേറെ പൈലറ്റുമാരെ നിയോഗിച്ചായിരുന്നു തുടർയാത്ര.
കൊച്ചിയിൽനിന്ന് ഡി.ജി.സി.എ.യുടെ സുരക്ഷാഉദ്യോഗസ്ഥൻ തിരുവനന്തപുരത്തെത്തി തെളിവുശേഖരിച്ചു. വിമാനം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട സമയംമുതൽ അപകടകരമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഇറക്കിയതുവരെയുള്ള വിശദാംശങ്ങളാണ് ശേഖരിക്കുക. വിമാനത്തിന്റെ വാൽഭാഗത്ത് സ്ഥാപിച്ച ഓറഞ്ച് നിറത്തിലുള്ള ബ്ലാക്ബോക്സിൽനിന്ന് വിവരങ്ങൾ ഡീകോഡ് ചെയ്യും.
യാത്രക്കാരുടെ ലഗേജുകൾ അടുക്കിയതിലെ പിഴവുമൂലം വിമാനം ഉയർന്നപ്പോൾ സാധനങ്ങൾ ഒരുവശത്തേക്ക് ചെരിഞ്ഞിട്ടുണ്ടോയെന്നും പരിശോധിക്കും. വിമാനത്തിന് ഹൈഡ്രോളിക് തകരാർ കണ്ടെത്തിയിട്ടില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രാഥമികാന്വേഷണത്തിലെ വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല