1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2023

സ്വന്തം ലേഖകൻ: ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ഔട്ട്‌പേഷ്യന്റ് (ഒപി) അപ്പോയ്ന്റ്മെന്റ് ബുക്കിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു. പ്രത്യേക സ്‌പെഷാലിറ്റികൾക്കായി സായാഹ്ന ക്ലിനിക്കുകളും തുറക്കും. ഒപി ബുക്കിങ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പുതിയ ബുക്കിങ് സംവിധാനം ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് നടപ്പാക്കുന്നത്.

ആംബുലേറ്ററി കെയർ സെന്ററിൽ ഒപ്താൽമോളജി, ഇഎൻടി, യൂറോളജി, ഓഡിയോളജി എന്നീ പ്രത്യേക വിഭാഗങ്ങൾക്കായി പുതിയ ക്ലിനിക്കുകളും തുറക്കും. എച്ച്എംസിയുടെ കീഴിലെ എല്ലാ ആശുപത്രികളിലും പുതിയ റഫറൽ മാനേജ്‌മെന്റ് വകുപ്പുകളും ആരംഭിക്കും. ഇതോടെ രോഗികൾക്കുള്ള അപ്പോയ്ന്റ്മെന്റ് ബുക്കിങ് കാര്യങ്ങൾ നിയന്ത്രിക്കാൻ ആശുപത്രികൾക്ക് കൂടുതൽ അനുമതി ലഭിക്കുകയും അപ്പോയ്ന്റ്മെന്റുകൾ ലഭിക്കുന്നതിലെ കാലതാമസം മാറുകയും ചെയ്യും.

റഫറൽ, ഇ-ട്രിയേജ്, ഇൻ-കോളിങ്, അപ്പോയ്ന്റ്മെന്റ് ബുക്കിങ് നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പരിഹരിക്കാനായി ബുക്കിങ് പ്രക്രിയകളുടെ സമഗ്രമായ അവലോകനം ഉൾപ്പെടെയുള്ള പദ്ധതിക്ക് കഴിഞ്ഞ മാർച്ചിലാണ് തുടക്കമിട്ടതെന്ന് ഹമദ് ഹെൽത്ത്‌കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നാസർ അൽ നൈമി വ്യക്തമാക്കി. ബുക്കിങ് നടപടികൾ കാര്യക്ഷമമാക്കുന്നതിനായി ഘട്ടം ഘട്ടമായാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്.

ആദ്യ ഘട്ടത്തിൽ ആംബുലേറ്ററി കെയർ സെന്റർ, ഹമദ് ജനറൽ ആശുപത്രി, അൽ വക്ര ആശുപത്രി, അൽഖോർ ആശുപത്രി, ഖത്തർ പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ട്, ദേശീയ അർബുദ-പരിചരണ ഗവേഷണ കേന്ദ്രം, വനിതാ വെൽനസ് ഗവേഷണ കേന്ദ്രം എന്നീ 7 ആശുപത്രികളിലും ബോൺ ആൻഡ് ജോയിന്റ് സെന്റർ, ഹമദ് ഡെന്റൽ സെന്റർ എന്നിവിടങ്ങളിലുമാണ് പുതിയ സംവിധാനങ്ങൾ നടപ്പാക്കിയിരിക്കുന്നത്.

എച്ച് എംസിയുടെ മറ്റ് ആശുപത്രികളിൽ ഈ വർഷം തന്നെ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകും. പുതിയ സായാഹ്‌ന ക്ലിനിക്കുകൾ തുറക്കുന്നതോടെ ക്ലിനിക്കിലെ അപ്പോയ്ന്റ്മെന്റുകൾക്കുള്ള സേവനങ്ങളും എച്ച്എംസിയുടെ കസ്റ്റമർ കെയർ സെന്ററായ നെസ്മാക്കിൽ (16060) ലഭിക്കും.

നെസ്മാക്ക് ഹെൽപ്‌ലൈൻ സേവനം ആഴ്ചയിൽ 24 മണിക്കൂറും ലഭിക്കും. കഴിഞ്ഞ വർഷം അപ്പോയ്ന്റ്മെന്റ് അമ്പേഷണങ്ങളുമായി ബന്ധപ്പെട്ട 9,71,000 കോളുകളാണ് ലഭിച്ചത്. ഇതിൽ 25 ശതമാനം പേരും അനുവദിച്ച തീയതികളിൽ എത്താത്തവരാണെന്നും അൽ നൈമി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.