സ്വന്തം ലേഖകൻ: താൽക്കാലിക ലൈസൻസിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് കാലാവധി മാർച്ച് 1 മുതൽ പുതുക്കി നൽകില്ല. ഇത് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം പ്രാദേശിക അറബിക് പത്രമായ അൽ റായ റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപന കാലത്ത് എല്ലാവർക്കും ആരോഗ്യ പരിചരണം ഉറപ്പാക്കാൻ വേണ്ടിയാണ് മെഡിക്കൽ, നഴ്സിങ് മേഖലയിലുള്ളവർക്ക് താൽക്കാലിക ലൈസൻസ് നൽകി ജോലിക്ക് നിയമിച്ചത്. ഇവർക്ക് ഇതുവരെ ലൈസൻസ് നീട്ടി നൽകിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് പുതിയ തീരുമാനം.
താൽക്കാലിക ആരോഗ്യ പ്രവർത്തകർക്ക് പൊതുജനാരോഗ്യ മന്ത്രാലയം സർക്കുലർ നൽകിയിട്ടുണ്ട്. കോവിഡ് കാലത്തിന് മുൻപുണ്ടായിരുന്ന ലൈസൻസിങ് നടപടികൾ അതേപടി പുനരാരംഭിക്കാനാണ് തീരുമാനം.
താൽക്കാലിക ലൈസൻസിൽ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും ലൈസൻസ് കാലാവധി തീരുന്നതിന് മുൻപായി സ്ഥിര ലൈസൻസ് നേടുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചിരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലിക ലൈസൻസ് കാലാവധി കഴിഞ്ഞവർ സ്ഥിര ലൈസൻസ് നേടുന്നതു വരെ ക്ലിനിക്കൽ പ്രാക്ടിസ് പാടില്ലെന്നും നിർദേശമുണ്ട്.
കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ, നഴ്സിങ് യോഗ്യത നേടിയ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്ക് താൽക്കാലിക ലൈസൻസ് നൽകി വിവിധ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലുമായി നിയമനം നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല