സ്വന്തം ലേഖകൻ: എയർ ഇന്ത്യ ബിസിനസ് ക്ലാസ് യാത്രക്കാർക്കു നൽകിയ ഭക്ഷണത്തിൽ പ്രാണി, സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറലാണ്. മുംബൈയിൽ നിന്നും ചെന്നൈയ്ക്കുള്ള യാത്രയിൽ കിട്ടിയ ഭക്ഷണത്തിന്റെ ചിത്രം മഹാവീർ ജെയ്ൻ എന്ന യാത്രക്കാരനാണു ട്വീറ്റ് ചെയ്തത്. “ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണികൾ ഉണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല…” എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചത്.
ഈ ആഴ്ചയിൽ തന്നെ ഷെഫ് സഞ്ജീവ് കപൂറും വിമാനയാത്രയിൽ വിളമ്പിയ ഭക്ഷണത്തെ വിമർശിച്ചിരുന്നു. തണ്ണിമത്തൻ, കുക്കുമ്പർ, തക്കാളി എന്നിവയ്ക്കൊപ്പം തണുത്ത ചിക്കൻ ടിക്ക. കാബേജും മയൊണൈസും ഫില്ലിങ് ആയി നിറച്ച ഒരു സാൻവിച്ച്. ക്രീമിൽ തിളങ്ങുന്നൊരു പഞ്ചസാര സിറപ്പ് എന്നിവയായിരുന്നു പ്രഭാത ഭക്ഷണമായി തനിക്ക് നൽകിയതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ശരിക്കും ഇന്ത്യക്കാർ ഇതാണോ പ്രഭാതഭക്ഷണമായി കഴിക്കുന്നത് എന്ന ചോദ്യവുമായി എയർ ഇന്ത്യ പേജിനെ ടാഗ് ചെയ്തായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇതിനു മറുപടിയായി എയർ ഇന്ത്യ ടീം തങ്ങളുടെ സേവനം മികച്ചതാക്കും, മികച്ച ഭക്ഷണം ഇനിയുള്ള യാത്രകളിൽ ലഭ്യമാക്കാൻ ശ്രമിക്കും എന്നായിരുന്നു കുറിച്ചത്. മുൻപ് ഫ്ലൈറ്റിലെ ഭക്ഷണത്തിൽ നിന്നും കല്ല് ലഭിച്ചതും വാർത്തയായിരുന്നു. ഈ പോസ്റ്റുകൾക്കു താഴെ വായനക്കാരും തങ്ങളുടെ യാത്രയിലെ മോശം ഭക്ഷണ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. എല്ലാവർക്കും എയർ ഇന്ത്യ ഓഫിഷ്യൽ പേജിൽ നിന്നും ‘ക്ഷമിക്കണം, അടുത്തയാത്രയിൽ മികച്ച ഭക്ഷണം കിട്ടുമെന്നു പ്രതീക്ഷിക്കാം’ എന്നു മറുപടിയും ട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല