1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2023

സ്വന്തം ലേഖകൻ: വരാപ്പുഴ മുഴുവൻ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലാണ് ഇന്നലെ വൈകിട്ട് അഞ്ചിന് മുട്ടിനകത്ത് പടക്ക സംഭരണശാലയിൽ വൻ സ്ഫോടനം നടന്നത്. ഡിപ്പോ കടവിന്റെ എതിർവശത്തു പുഴയ്ക്കപ്പുറം ഏലൂർ ഫെറി ഭാഗത്തു താമസിക്കുന്നവർ വരെ ഭൂമികുലുക്ക മെന്നു കരുതി വീടുകളിൽ നിന്നു പുറത്തിറങ്ങി. വരാപ്പുഴ പാലവും അപ്രോച്ച് റോഡും പ്രകമ്പനത്തിൽ ഉലഞ്ഞതായി യാത്രക്കാർ പറഞ്ഞു. സ്ഫോടനത്തെ തുടർന്നു പുക ഗോളങ്ങൾ ആകാശം മുട്ടെ ഉയർന്നു.

ചിന്നി തെറിച്ച കോൺക്രീറ്റ് അവശിഷ്ടങ്ങളും പടക്കങ്ങളുടെ ഭാഗങ്ങളും 100 മീറ്റർ ദൂരം വരെ തെറിച്ചു വീണു. സമീപത്തുള്ള മതിലുകളിലെല്ലാം വിള്ളൽ വീണു. സ്ഫോടനത്തിൽ പൂർണമായും തകർന്ന വീടിന്റെ ഒരു ഭാഗം അയൽവാസിയായ തുണ്ടത്തിൽ ബിജുവിന്റെ വീടിന്റെ സൺ ഷേഡിലാണു പതിച്ചത്. ഇതോടെ ബിജുവിന്റെ വീടിന്റെ ഒരു മൂല പൂർണമായും തകർന്നു. ഭാര്യയും 3 പെൺമക്കളും ഇൗ സമയത്ത് വീട്ടിലിരുന്നു ചായ കുടിക്കുകയായിരുന്നു. സ്ഫോടനത്തിൽ തെറിച്ച കെട്ടിട ഭാഗങ്ങൾ കൊണ്ട് ഇവർക്കു 4 പേർക്കും പരുക്കേറ്റു.

ഇൗ വീടിനു തൊട്ടു സമീപത്തു തന്നെയുള്ള കൂരൻ മത്തായിയും മകൻ അനീഷും വീട്ടിനുള്ളിൽ ഇരിക്കുമ്പോഴാണു ഇഷ്ടികയും മറ്റു അവശിഷ്ടങ്ങളും തെറിച്ചു ദേഹത്തു വീണത്. പടക്ക സംഭരണ ശാലയുടെ ലൈസൻസിയായ ആൻസന്റെ മകൻ ജെൻസന്റെ വീടും സംഭരണശാലയോടു ചേർന്നാണ്. സ്ഫോടനത്തിൽ ജെൻസന്റെ മുഖത്തും ദേഹത്തും പരുക്കേറ്റിട്ടുണ്ട്. വീടിന്റെ ഒരുഭാഗം തകർന്നു. ആൻസന്റെ അനുജൻ ഡേവിസും ഇവിടെ ജോലി ചെയ്തിരുന്നതാണെന്നു പൊലീസ് പറഞ്ഞു.

സ്ഫോടന ശബ്ദത്തിൽ നടുങ്ങി വിറച്ചെങ്കിലും രക്ഷാപ്രവർത്തനത്തിനു ഉണർന്നു പ്രവർത്തിച്ചു നാട്ടുകാരും അഗ്നിരക്ഷാസേനയും. പരിസരമാകെ പുകയും വെടിമരുന്നിന്റെ ഗന്ധവും വ്യാപിച്ചത് ആശങ്ക ഉയർത്തി. നാട്ടുകാർ ഒന്നടങ്കം ഇവിടേക്ക് എത്തി. പരുക്കേറ്റവരെ രക്ഷിക്കാൻ ധൈര്യത്തോടെ പലരും മുന്നോട്ടു വന്നു.

വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമാണശാലയിലെ സ്ഫോടന സ്ഥലത്തു നിന്നു നടൻ ധർമജൻ ബോൾഗാട്ടി രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിൽ. പടക്ക നിർമാണശാലാ നടത്തിപ്പുകാരന്റെ സഹോദരനെ തേടിയാണ് ധർമജൻ സ്ഥലത്ത് എത്തിയത്. അവിടെ നിന്നു സംസാരിച്ചു മടങ്ങി ഏതാനും മിനിറ്റുകൾക്കകമായിരുന്നു സ്ഫോടനം.

‘‘ഞങ്ങൾ എപ്പോഴും ഇരുന്ന് വർത്തമാനം പറയുന്ന വീട്. അത് തകർന്നു തരിപ്പണമായി. എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേർന്ന് നടത്തുന്ന കടയാണ് സ്‌ഫോടനത്തിൽ തകർന്നത്. ഞങ്ങൾ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്.

രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാൻ രക്ഷപ്പെട്ടത്. ഇവിടുള്ള വെടിക്കെട്ടുകൾ എല്ലാം നടത്തുന്ന ആൾക്കാരാണ് ഇവർ. ലൈസൻസ് ഉള്ളവരാണ്. പക്ഷേ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്‌നം. അവർ ഇവിടെ നിന്നും മാറാൻ ഇരിക്കുകയായിരുന്നു. പാലക്കാട്ടേയ്‌ക്കു മാറാൻ ഇരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്.’’–ധര്‍മജൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.