സ്വന്തം ലേഖകൻ: യുഎഇ-ഒമാൻ റെയിൽവേ പദ്ധതിക്കായി ഈ വർഷാവസാനമോ അടുത്തവർഷം ആദ്യമോ ഇ.പി.സി കാരാർ (എൻജിനീയറിങ്, നിർവഹണം, നിർമാണം) നൽകുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മവാലി പറഞ്ഞു. ഒമാനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിക്കും സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിന്റെ ഭാവി പദ്ധതികൾ വിശദീകരിക്കവേ കഴിഞ്ഞദിവസമാന് ഇക്കാര്യം അറിയിച്ചത്.
റെയിൽ പദ്ധതിയുടെ നടത്തിപ്പിന് കഴിഞ്ഞമാസം സുപ്രധാന ചുവടുവെപ്പ് അധികൃതർ നടത്തിയിരുന്നു. 303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്‍നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്. മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ് എത്തിയിരിക്കുന്നത്. ഇതോടെ നിർമാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക് ശക്തിയേറി.
രാജ്യത്തെ എല്ലാ ഓറഞ്ച്, വെള്ള നിറത്തിലുള്ള ടാക്സികൾക്കും നിരക്കും ദൂരവും കണക്കാക്കാൻ അബർ ടാക്സി മീറ്റർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വരും മാസങ്ങളിൽ സർവിസ് ആരംഭിക്കും. കമ്പനി നടത്തുന്ന സേവനങ്ങൾക്ക് ഈ മീറ്റർ നിരക്കുകൾ ബാധകമല്ല. മറൈൻ ലോജിസ്റ്റിക്സ്, ഡിജിറ്റൽ, ഇക്കോണമി, ഡ്രൈ പോർട്ടുകളുടെ (ട്രക്ക് കാർഗോ) വികസനം എന്നവയായിരിക്കും വരും വർഷങ്ങളിൽ മുൻഗണനാ മേഖലകളെന്ന് മന്ത്രാലയം അറിയിച്ചു.
2035 ഓടെ രാജ്യത്തെ നിരത്തുകളിലെ 79 ശതമാനം കാറുകളും വൈദ്യുതിയിൽ ഓടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാഹന ഡീലർമാരുമായി മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ അമർ അൽ ഷൈദാനി പറഞ്ഞു. അപൂർണമായ പദ്ധതികൾ പൂർത്തിയാക്കാനും റെയ്സുത്-മുഗ്സൈൽ ഇരട്ട റോഡ്, നിസ്വ-ഇസ്കി, ഇബ്രി-സൗദി അതിർത്തി റോഡ് ഇരട്ടിപ്പിക്കൽ തുടങ്ങിയ ചില പുതിയ പദ്ധതികൾ ആരംഭിക്കാനുമാണ് ശ്രദ്ധയെന്ന് ഗതാഗത അണ്ടർ സെക്രട്ടറി ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖി പറഞ്ഞു.
മുസന്ദം, ബാത്തിന, മസ്കത്ത് ഗവർണറേറ്റുകളിൽ വാട്ടർ ടാക്സികൾ ആരംഭിക്കുന്നതിനുള്ള നിയമങ്ങൾ അന്തിമമാക്കുകയും ഭവന, നഗര വികസന മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്ഥലങ്ങൾ കണ്ടെത്തുകയും ചെയ്തു. മുസന്ദം ഗവർണറേറ്റിലാണ് പദ്ധതി ആദ്യമായി ആരംഭിക്കുക. ജബൽ അൽ അഖ്ദർ പദ്ധതി അന്തിമഘട്ടത്തിലാണെന്നും ഭവന, നഗര ആസൂത്രണ മന്ത്രാലയത്തിന്റെ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇപ്പോൾ ഏതുതരം റോഡാണ് നിർമിക്കുന്നതെന്ന് നിർണയിക്കാൻ കഴിയില്ലെന്നും അൽ ഷമാഖി പറഞ്ഞു.
പൊതുഗതാഗത ബസുകൾ 2021നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 185 ശതമാനം വളർച്ചയോടെ മസ്കത്ത് ഗവർണറേറ്റിലെ നഗര റൂട്ടുകളിലും ഇന്റർ സിറ്റി സർവിസുകളിലും 6.4 ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിച്ചു. ഈ വർഷം ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ 25 നിക്ഷേപ അവസരങ്ങളും മന്ത്രാലയം അനാവരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല