സ്വന്തം ലേഖകൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് എതിരായ നോക്ക്ഔട്ട് മത്സരം വിവാദ ഗോളിന്റെ പേരിൽ കേരളം ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് ബഹിഷ്ക്കരിച്ചത് ചർച്ച വിഷയമാക്കി ഇന്ത്യൻ ഫുട്ബോൾ ലോകം. എന്നാൽ ഈ ബഹിഷ്ക്കരണത്തിൽ ക്ലബിനെയും മുഖ്യപരിശീലകൻ ഇവാൻ വുകുമാനോവിച്ചിനെയും പിന്തുണച്ച് ഇന്ത്യയിലെ ഫുട്ബോൾ ലോകം രംഗത്ത് വന്നിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ചിനെ പിന്തുണയ്ക്കുന്നതായി ഒഡിഷ എഫ്സിയുടെ ഉടമ രോഹൻ ശർമ്മ ട്വീറ്റ് ചെയ്തു. ആ ഗോൾ നിലനിൽക്കുന്നതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ ധീരമായ തീരുമാനം ഇന്ത്യൻ ഫുട്ബോളിൽ വളരെക്കാലം ചോദ്യം ചെയ്യപ്പെടും എന്നാണ് ചെന്നൈയിൻ എഫ്സിയുടെ ഫുട്ബോൾ ഓപ്പറേഷൻ തലവൻ പ്രഥം ബസു ട്വീറ്റ് ചെയ്തു.
ക്ലബ്ബുകൾക്ക് മാച്ച് ഒഫീഷ്യലുകളിൽ വിശ്വാസം നഷ്ടപെടുന്നുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം അൽവാരോ വാസ്കസ് ഇവാന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. 2012 ൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനിടയിൽ കളിക്കളം വിട്ട മോഹൻ ബഗാന് രണ്ട് വർഷത്തെ സസ്പെൻഷൻ വിധിച്ചിരുന്നു. തുടർന്ന്, സസ്പെൻഷൻ നേരിടുന്നതിന് പകരം രണ്ട് കോടി രൂപ പിഴ നൽകിയാണ് മോഹൻ ബഗാൻ രക്ഷപ്പെട്ടത്.
കൊമ്പന്മാർക്ക് ലീഗിന്റെ സെമിഫൈനലിലേക്കുള്ള കടമ്പയായ ബെംഗളൂരു എഫ്സിയുമായുള്ള നിർണായക മത്സരം അധിക സമയത്തേക്ക് പ്രവേശിച്ചിരുന്നു. 97 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി വലയിലെത്തിച്ചതാണ് വിവാദത്തിന് കാരണമായത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ പ്രതിരോധ മതിൽ നിർമിക്കുകയും ഗോൾകീപ്പർ പ്രബ്സുഖൻ ഗിൽ സ്ഥാനം മാറി നിൽക്കുകയും ചെയ്യുന്ന സമയത്ത് റഫറിയിൽ നിന്ന് വിസിൽ മുഴങ്ങുന്നതിന് മുന്‍പാണ് സുനിൽ ഛേത്രി ഷോട്ട് എടുത്തത്. ഈ ഗോൾ അനുവദിക്കരുതെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകരും ആവശ്യപ്പെട്ടെങ്കിലും റഫറി ഗോൾ നൽകിയതോടെയാണ് കളിക്കളം വിടാൻ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ച് തീരുമാനിക്കുന്നത്.
നാടകീയ സംഭവങ്ങളുടെ പശ്ചാതലത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിന്റെ പ്ലേ ഓഫില്‍ നിന്നും പുറത്തായതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ മടങ്ങിയെത്തി. ടീമിന് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. ആരാധകർക്ക് നന്ദിയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. പ്രതികരിക്കാനില്ലെന്ന് ലൂണ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല