സ്വന്തം ലേഖകൻ: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂര്‍ണമായി കെടുത്താന്‍ ഊര്‍ജിതശ്രമങ്ങള്‍ തുടരുന്നു. കൊച്ചിയുടെ വിവിധ ഇടങ്ങളിലും ഇന്നും പുക ദൃശ്യമായി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് നടപടികള്‍ വേഗത്തിലാക്കാനാണ് ശ്രമം. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ കര്‍ശന ഉത്തരവിട്ടിരുന്നു. രണ്ടുദിവസം കൊണ്ട് പുക പൂര്‍ണമായും കെടുത്താനാകുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു.
മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്ന് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പുക മൂലം കൊച്ചി ഗ്യാസ് ചേമ്പറിന് സമാനമായെന്നാണ് കോടതി പറഞ്ഞത്. തീപിടിത്തത്തിന്റെ തല്‍സ്ഥിതിയും പരിഹാരനിര്‍ദേശങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡും കൊച്ചി കോര്‍പറേഷനുമാണ് കോടതിയെ അറിയിക്കുക.
ബ്രഹ്മപുരത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കേസില്‍ ഇന്ന് ജില്ലാ കലക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രഹ്മപുരത്ത് മാലിന്യ നിക്ഷേപം സാധ്യമല്ലാത്തതിനാല്‍ പകരം ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കിന്‍ഫ്രയുടെ ഉടമസ്ഥതയിലാണ് പ്ദേശം. ജില്ലാ ഭരണകൂടം കൊച്ചി നഗരസഭ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ബ്രഹ്മപുരം കത്തുമ്പോള്‍ പുറത്തേക്ക് വമിക്കുന്നത് കാലങ്ങളായി കൊച്ചി കോര്പ്പറേഷന് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയുടെ കൊടും നാറ്റം. മാലിന്യ സംസ്കരണം കാല് നൂറ്റാണ്ടിലേറെയായി കൊച്ചിയിലെ വെള്ളാനയാണ്. മാറി മാറി ഭരിച്ചവര്‍ പണം ലക്ഷ്യമിട്ടപ്പോള്‍ ബ്രഹ്മപുരത്ത് മാലിന്യമലകളുണ്ടായി. ശാസ്ത്രീയമായ മാലിന്യ സംസ്കരണം പുറംമേനി കാണിക്കല്‍ മാത്രമായി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വെറുതേ കൊണ്ടുപോയി കൂട്ടിയിട്ടു. അതില്‍ തീ പിടിപ്പിക്കുന്നതും കോടികളുടെ ലാഭമുള്ള ഏര്‍പ്പാടായി.
ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ മാത്രം മാസം 30-35 ലക്ഷം രൂപ വരെയാണ് കോര്പ്പറേഷന് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. ശരാശരി 250 ടണ്ണോളം മാലിന്യം സംസ്കരിക്കുന്നുവെന്നാണ് കണക്ക്. 2007-ല്‍ സ്ഥാപിച്ച പ്ലാന്റ് 2009-ല്‍ തകര്‍ന്നുവീണു. അന്നുമുതല്‍ തുടങ്ങിയതാണ് ബ്രഹ്മപുരത്തെ വന്‍ കൊയ്ത്ത്. പ്ലാന്റിന്റെ നടത്തിപ്പ് പുറമേ നിന്നുള്ള ഏജന്‍സികളെ ഏല്പിക്കാന് തീരുമാനിച്ചു. 12 വര്‍ഷത്തോളം ഒരേ കമ്പനിയാണ് അവിടെ മാലിന്യ സംസ്കരണം നടത്തിപ്പോന്നത്.
നിലനിന്നുപോകാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വാരിക്കോരിയാണ് കമ്പനി പണം ചെലവഴിച്ചത്. കോടികള്‍ മറയുന്ന ഏര്‍പ്പാടാണെന്ന് തിരിച്ചറിഞ്ഞതോടെ മറ്റു ചിലര്‍ക്കും അതില്‍ മോഹങ്ങളുണ്ടായി. അങ്ങനെയാണ് പുതിയ കമ്പനി വരുന്നത്. മതിയായ പ്രവൃത്തി പരിചയമില്ലെന്ന് മുന്നണിയില്‍ത്തന്നെ എതിര്‍പ്പുണ്ടായിട്ടും അതൊന്നും മൈന്‍ഡ് ചെയ്യാതെ കമ്പനിയെ പണി ഏല്പിച്ചതും വിവാദമായി. അതിപ്പോള്‍ വിജിലന്‍സിന്റെ അന്വേഷണ പരിധിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല