സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു – മൈസൂരു പത്തുവരി അതിവേഗപ്പാത, ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കും. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്രചെയ്യുന്നവർക്കും ഇത് വലിയ ആശ്വാസമാകും. 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 9,000 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ടോള്‍ നല്‍കേണ്ടിവരുമെങ്കിലും ഇന്ധനച്ചെലവ് ഗണ്യമായി കുറയുമെന്നതിനാല്‍ ഉത്തരകേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ് പാത.
ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായാണ് ബെംഗളൂരു – മൈസൂരു അതിവേഗപ്പാത പണിതത്. പാത തുറക്കുന്നതോടെ ബെംഗളൂരു – മൈസൂരു യാത്രാസമയം ഒരു മണിക്കൂര്‍ 20 മിനിറ്റായി കുറയും. നിലവില്‍ മൂന്നുമുതല്‍ നാല് മണിക്കൂര്‍ വരെയാണ് മൈസൂരു – ബെംഗളൂരു യാത്രയ്ക്കായി വേണ്ടിവരുന്നത്. ഇതാണ് മൂന്നിലൊന്നായി കുറയുന്നത്. ഇന്ധനം വലിയ തോതില്‍ ലാഭിക്കാനും പാത സഹായകമാകും.
പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സര്‍വീസ് റോഡുകളും ഉള്‍പ്പെടെയാണ് 10 വരിപ്പാത. രണ്ടുവരിപ്പാതകള്‍ സമീപഗ്രാമങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും. മധ്യത്തിലുള്ള ആറുവരിപ്പാതയിലൂടെ മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനങ്ങള്‍ക്ക് യാത്രചെയ്യാം. ബെംഗളൂരുവില്‍ നിന്ന് നിഡഗട്ടവരെയും അവിടംമുതല്‍ മൈസൂരു വരെയും രണ്ടു ഘട്ടങ്ങളായാണ് പാത നിര്‍മിച്ചിരിക്കുന്നത്.
ബിഡദി, രാമനഗര, മാണ്ഡ്യ, ശ്രീരംഗപട്ടണ, ചന്നപട്ടണ, മദ്ദൂര്‍ എന്നീ ആറിടങ്ങളില്‍ ബൈപ്പാസുകളുള്ളതിനാല്‍ ടൗണുകളിലെ ഗതാഗതക്കുരുക്ക് ഈ പാതയിലൂടെയുള്ള യാത്രയെ ബാധിക്കില്ല. ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി വരുന്ന അഞ്ച് ബൈപ്പാസുകള്‍ അടങ്ങുന്ന 52 കിലോമീറ്റര്‍ പാത ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.
ബെംഗളൂരു-മൈസൂരു അതിവേഗപാത ബംഗളൂരു- മൈസൂരു നഗരങ്ങള്‍ക്കുമിടയിലെ ഗതാഗതം അതിവേഗത്തിലാക്കും. ഇരുനഗരങ്ങളുടെയും വികസനത്തിനും ഇത് വലിയ ഗുണംചെയ്യും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ബെംഗളൂരുവിനും മൈസൂരുവിനുമിടയില്‍ അതിവേഗത്തിലുള്ള യാത്ര സാധ്യമാക്കാനുള്ള റോഡ് വേണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനുകൂടിയാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. കൂടാതെ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള മലയാളി യാത്രക്കാര്‍ക്കും ഏറം പ്രയോജനകരമാണ്.
ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മലയാളി യാത്രികര്‍ക്ക് അതിവേഗപാത ഏറെ ഗുണകരമാണ്. അതിവേഗപാതയിലൂടെ ബെംഗളൂരുവില്‍നിന്ന് വളരെ വേഗത്തില്‍ മൈസൂരുവരെ എത്താന്‍ സാധിക്കുമെന്നതിനാലാണിത്. നിലവില്‍, ബെംഗളൂരു മുതല്‍ മദ്ദൂരിലെ നിദാഘട്ട വരെയുള്ള ടോള്‍നിരക്ക് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
മാര്‍ച്ച് 14 മുതല്‍ ടോള്‍പിരിവ് ആരംഭിക്കും. രണ്ടുതവണ ടോള്‍ നല്‍കണം. എങ്കിലും ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ധനച്ചെലവില്‍ തുക ലാഭിക്കാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല