സ്വന്തം ലേഖകൻ: യാത്രയ്ക്കിടെ കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും അകപ്പെട്ടതിനെത്തുടര്‍ന്ന് എണ്പത്തൊന്നുകാരന് മഞ്ഞുപാളിയില്‍ കുടുങ്ങിക്കിടന്നത് ഒരാഴ്ച. മുന്‍ നാസ ഉദ്യോഗസ്ഥനായ ജെറി ജാര്ട്ടാണ് മഞ്ഞുപാളിയില്‍ ഒരാഴ്ചയോളം കുടുങ്ങിക്കിടന്ന ശേഷം അദ്ഭുതകരമായി രക്ഷപ്പെട്ടത്. കാറില്‍ യാത്ര ചെയ്യവേയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ബ്രെഡ്ഡും ബിസ്കറ്റും കഴിച്ചാണ് ഇത്രയും ദിവസം ജീവന് നിലനിര്‍ത്തിയതെന്ന് ജെറി പറഞ്ഞു.
കാലിഫോര്‍ണിയയിലെ ബിഗ് പിനെയിലെ പര്‍വതപ്രദേശത്തെ വീട്ടില്‍നിന്ന് നെവാഡയിലെ ഭാര്യയുടെ അടുത്തേക്ക് പുറപ്പെട്ടതായിരുന്നു ജെറി ജാര്ട്ട്. യാത്രയ്ക്കിടെ ജെറിയുടെ കാര്‍ കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും അകപ്പെട്ടു. ഇതിനിടെ നൊവാഡയിലേക്ക് പുറപ്പെട്ട ജെറി അവിടെ എത്താതിരുന്നതോടെ അന്വേഷണമാരംഭിച്ചു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ മഞ്ഞുമൂടിയ കാറിനുള്ളില്‍ ജെറിയെ കണ്ടെത്തുകയും തുടര്‍ന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.
നേര്‍ത്ത ജാക്കറ്റു മാത്രമാണ് ജെറി ധരിച്ചിരുന്നത്. കാറിലുണ്ടായിരുന്ന ബ്രെഡും ബിസ്കറ്റും കഴിച്ചാണ് ജീവന് നിലനിര്‍ത്തിയതെന്നും ഭയപ്പെടാതിരിക്കാനായി ഫോണിലെ ചാര്‍ജ് തീരുന്നതുവരെ വീഡിയോ കണ്ടുവെന്നും ജെറി പറഞ്ഞു. എങ്കിലും എണ്പത്തൊന്നുകാരന് മഞ്ഞുവീഴ്ചയെ ഇത്രനാള്‍ അതിജീവിച്ചത് അദ്ഭുതമാണ്. അതിശൈത്യം തുടരുന്ന കാലിഫോര്‍ണിയയില്‍ മൂന്നടി ഉയരത്തില്‍ മഞ്ഞു മൂടിക്കിടക്കുകയാണ്. കനത്ത ഹിമപാതത്തില്‍ സമീപകാലത്ത് 13 പേര് മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല