സ്വന്തം ലേഖകൻ: 2046ലെ വാലന്റൈന്‍സ് ദിനം ഭൂമിക്ക് ഒരു കരിദിനമായി മാറുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. അന്ന് പിസ ഗോപുരത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് 560ല്‍ ഒന്നു സാധ്യതയാണ് കല്‍പിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഭാവിയില്‍ ഇതിന്റെ സഞ്ചാരപഥം മാറാനിടയുണ്ട്. അതുകൊണ്ടുതന്നെ 2023ഡിഡബ്ല്യു എന്നു പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തെ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ തന്നെയാണ് ജ്യോതിശാസ്ത്രജ്ഞരുടെ തീരുമാനം.
ഇന്ത്യന്‍ മഹാ സമുദ്രം മുതല്‍ പസിഫിക് സമുദ്രം വരെ എവിടെയും ഈ ഉല്‍ക്ക പതിക്കാന്‍ സാധ്യതയുണ്ട്. അമേരിക്കയിലെ ലോസ് ആഞ്ചല്സും വാഷിങ്ടണ്‍ ഡിസിയും അടക്കമുള്ള വന്‍നഗരങ്ങള്‍ ഇതിന്റെ അപകട സാധ്യതാ മേഖലയില്‍ ഉള്‍പ്പെടുന്നുണ്ട്. 114 വര്‍ഷങ്ങള്‍ക്ക് മുൻപ് സൈബീരിയയിലുണ്ടായ ടുങ്കുസ്ക സംഭവത്തോടെയാണ് ഈ ഛിന്നഗ്രഹം പതിക്കാനുള്ള സാധ്യതയെ താരതമ്യപ്പെടുത്തുന്നത്. അന്ന് 160 അടി വലുപ്പമുള്ള ഛിന്നഗ്രഹമാണ് സൈബീരിയയില്‍ പതിച്ചതെങ്കിലും കാട്ടിലാണ് വീണതെന്നതിനാല്‍ മനുഷ്യകുലത്തിന് വലിയ പ്രശ്നങ്ങളുണ്ടായില്ല. എന്നാല്‍ അന്ന് എട്ട് കോടി മരങ്ങളും അതുള്‍പ്പെട്ട വനവും വന്യജീവിസമ്പത്തും ഈ ഉല്‍ക്കാ പതനത്തോടെ നശിച്ചുവെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ആഴ്ചയാണ് 2023 ഡിഡബ്ലുവിന്റെ കണ്ടെത്തല്‍ നാസ പ്രഖ്യാപിച്ചത്. ഇത് ഭൂമിയില്‍ ഇടിക്കുമോ എന്ന സാധ്യതയെ കൂടുതല്‍ കൃത്യതയോടെ പ്രവചിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് നാസ അറിയിക്കുന്നത്. അതേസമയം, മാര്‍ച്ച് ഒന്നിന് 2023 ഡിഡബ്ലു ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 1200ല്‍ ഒന്നു മാത്രമാണെന്നാണ് കണക്കുകൂട്ടിയിരുന്നതെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ 710ല്‍ ഒന്നും 560ല്‍ ഒന്നുമായി വര്‍ധിക്കുകയായിരുന്നു.
നിലവില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് 2023 ഡിഡബ്ലു. ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഭാവിയില്‍ കൂടി വന്നാലാണ് ഈ ഛിന്നഗ്രഹം ആശങ്കയായി മാറുക. ഭൂമിയില്‍ ഇത്തരം ഛിന്നഗ്രഹം പതിക്കുന്ന സംഭവങ്ങള്‍ ഒരു ലക്ഷം വര്‍ഷത്തില്‍ ഒരിക്കലോ ഇതില്‍ കുറഞ്ഞ സമയത്തോ സംഭവിക്കാറുണ്ട്. 2023 ഡിഡബ്ലുവിന്റെ അപകട സാധ്യത മൂന്നിലേക്ക് ഉയര്‍ന്നാല്‍ പൊതുജനങ്ങള്‍ക്ക് നാസ മുന്നറിയിപ്പ് നല്‍കും.
2013 ഫെബ്രുവരി 15ന് റഷ്യയിലെ ചെല്യാബിന്‍സ്കിലുണ്ടായ ഛിന്നഗ്രഹ പൊട്ടിത്തെറിക്ക് സമാനമായ സാഹചര്യമാകും അപകട സാധ്യത മൂന്നിലെത്തിയാല്‍ സംഭവിക്കുക. അപകടസാധ്യത പത്തിലെത്തിയാലാണ് ഭൂമിയുമായി ഛിന്നഗ്രഹം കൂട്ടിയിടിക്കുമെന്ന് ഉറപ്പിക്കാനാവുക. ചെല്യാബിന്സ്കില് 60 അടി വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ വച്ച് കത്തിതീരുകയായിരുന്നു. അഞ്ച് ലക്ഷം ടണ്‍ ടിഎന്‍ടി ഊര്‍ജം പുറത്തുവിടുന്ന സ്ഫോടനത്തിന് സമാനമായ അനുഭവമാണ് അന്ന് ഈ റഷ്യന്‍ പട്ടണം അനുഭവിച്ചത്. ഈ സംഭവത്തില്‍ 1600ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല