സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അധ്യയന വർഷത്തിന്റെ അവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്നാണ് സൂചനകള്‍. നിലവിലെ അധ്യയന വര്‍ഷം പൂർത്തിയാകുന്ന മുറക്ക് അധ്യാപകരെ ഒഴിവാക്കണമെന്നും അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും മന്ത്രാലയം വിദ്യാഭ്യാസ സഥാപനങ്ങൾക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടുചെയ്തു.
ഓരോ വിഷയങ്ങളിലും കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ സർവീസ് അവസാനിപ്പിക്കുക. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍, ഭരണപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സ്വദേശികള്‍ക്ക് നിയമനം നല്‍കും.
കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ നിന്നും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംങ് കോളേജില്‍ നിന്നും ബിരുദം നേടിയ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സിവിൽ സർവീസ് കമ്മീഷനുമായി സഹകരിച്ചായിരിക്കും നിയമനങ്ങള്‍ നടപ്പിലാക്കുക.
രാജ്യത്ത് അധ്യാപക ജോലിയിൽ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാൻ നേരത്തേ നീക്കം നടന്നിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിന്റെ അവസാനത്തോടെ രണ്ടായിരത്തോളം വിദേശി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ യോഗ്യരായ സ്വദേശി അപേക്ഷകർ ഇല്ലാത്തത് ഇതിന് തടസ്സമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല