സ്വന്തം ലേഖകൻ: നിർമാണ മേഖലയിലെ വിദഗ്ധരുടെ ക്ഷാമം പരിഹരിക്കാൻ ബ്രിട്ടനിൽ തൊഴിൽ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ചാൻസിലർ ജെറമി ഹണ്ടാണ് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപനം നടത്തിയത്. ഇഷ്ടികപ്പണിക്കാർ (ബ്രിക് ലെയേഴ്സ്), മേൽക്കൂര നിർമാതാക്കൾ (റൂഫർമാർ), തേപ്പുജോലിക്കാർ (പ്ലാസ്റ്ററർമാർ), മരപ്പണിക്കാർ (കാർപ്പന്റേഴ്സ്) എന്നീ തൊഴിലുകൾക്കാണ് യുകെ വീസ ലഭിക്കാൻ അവസരം ഒരുങ്ങുന്നത്. ഈ തൊഴിലുകളെ ക്ഷാമുമുള്ള ജോലികളുടെ പട്ടികയിൽപ്പെടുത്തും. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ ശുപാർശ പ്രകാരം തയാറാക്കി സെപ്റ്റംബറോടെ ഷോർട്ടേജ് ഒക്യുപ്പേഷൻ പട്ടിക പരിഷ്കരിക്കും.
മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയിലെ (എംഎസി) സർക്കാർ ഉപദേഷ്ടാക്കൾ നിർമാണമേഖലയിലും ഹോസ്പിറ്റാലിറ്റി സെക്ടറിലുമുള്ള 26 തൊഴിലുകൾ പരിശോധിച്ച ശേഷമാണ് കുറവുള്ള തൊഴിലുകളുടെ പട്ടികയിൽ ഇവയെ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്. ബ്രെക്സിറ്റും കോവിഡ് മഹാമാരിയും ഈ രണ്ട് മേഖലകളിലും തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് കമ്മിറ്റി കണ്ടെത്തിരുന്നു. എന്നാൽ, ഹോസ്പിറ്റാലിറ്റി സെക്ടറിലെ ജോലികളെ ഷോർട്ടേജ് പട്ടികയില്‍ ഉൾപ്പെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്തില്ല.
ഷോർട്ടേജ് പട്ടികയിലുള്ള തൊഴിലുകളിൽ കമ്പനികൾക്ക് പ്രതിവർഷം 20,480 പൗണ്ട് പരിധിയിൽ ശമ്പളം നൽകി ജീവനക്കാരെ എത്തിക്കാം. സ്കിൽഡ് വീസ ലഭിക്കുന്നതിന് ആവശ്യമായ ശമ്പളം കുറഞ്ഞത് 25,600 പൗണ്ടാണ്. ബ്രിട്ടനിലെ നിർമാണ മേഖല കയ്യടക്കി വച്ചിരുന്നത് ഈസ്റ്റ് യൂറോപ്പിൽനിന്നും പ്രത്യേകിച്ച് പോളണ്ടിൽ നിന്നുമുള്ള ജോലിക്കാരായിരുന്നു. എന്നാൽ ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ഇവരിൽ മഹാഭൂരിപക്ഷവും രാജ്യം വിട്ടു. ഇതോടെ നിർമാണ മേഖല നിർജീവമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. ഇതാണ് പുതിയ ഇളവുകൾ നൽകി തൊഴിലാളികളെ എത്തിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല