സ്വന്തം ലേഖകൻ: പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി സൗദി അറേബ്യ. പ്രധാനമന്ത്രിയുടെ ഉത്തരവോടെ ചില വ്യക്തികൾക്കു പൗരത്വം അനുവദിക്കുമെന്നു സൗദിയുടെ പ്രഖ്യാപനം. ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്യുന്ന വ്യക്തികൾക്കാകും പ്രധാനമന്ത്രിയുടെ അനുമതിയോടെ സൗദി പൗരത്വം ലഭിക്കുക. എമിറേറ്റ്സ് ഓഫ് മക്ക പ്രൊവിൻസിൻ്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് സൗദിയുടെ പുതിയ പ്രഖ്യാപനം.
സൗദി പൗരത്വ നിയമത്തിലെ അനുച്ഛേദം എട്ടിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഭേദഗതി സംബന്ധിച്ച പ്രഖ്യാപനം ഔദ്യോഗിക ഗസറ്റായ ഉം അൽ ഖുറയിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. ആഭ്യന്തര മന്ത്രി ശുപാർശ ചെയ്യുന്ന വ്യക്തിക്ക് പ്രധാനമന്ത്രിയുടെ ഉത്തരവോടെ പൗരത്വം അനുവദിക്കുമെന്നാണ് ഭേദഗതിയിൽ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു.
സൗദിയുടെ പുതിയ പ്രഖ്യാപനത്തെ പലരും ഉറ്റുനോക്കുന്നുണ്ട്. വിദേശികളെയും നിക്ഷേപകരെയും ആകർഷിക്കാനുള്ള സൗദിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനമെന്നാണ് വിലയിരുത്തൽ. പുതിയ തീരുമാനത്തോടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനാകുമെന്നും സൗദി പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല