സ്വന്തം ലേഖകൻ: ജീവനക്കാര്‍ക്ക് റമദാന് മാസത്തില്‍ അവരുടെ ജോലി സമയം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടായിരിക്കുമെന്ന പ്രഖ്യാപനവുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ അനീസിയാണ് ഈ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഇതേക്കുറിച്ച് മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നല്കിയ സര്‍ക്കുലറിലാണ് അദ്ദേഹം ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവച്ചിരിക്കുന്നത്. പ്രാദേശിക ദിനപ്പത്രമായ അല്‍ റായ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്റെ (സിഎസ്സി) തീരുമാനം അനുസരിച്ചാണ് മന്ത്രാലയത്തിന്റെ ഈ സര്‍ക്കുലറെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റമദാനിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രതിദിനം 4.5 മണിക്കൂറായിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നു മാത്രമല്ല, എല്ലാവരും ഒരേ സമയത്ത് ഓഫീസിലേക്ക് വരുന്നത് കാരണം ഓഫീസുകളിലും റോഡുകളിലുമുള്ള തിരക്ക് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ജോലി സമയം മൂന്ന് ഷിഫ്റ്റുകളാക്കി അധികൃതര്‍ തിരിക്കുകയും ചെയ്തിരുന്നു. ഇവയില്‍ ഏത് ഷിഫ്റ്റ് വേണമെന്നത് ജീവനക്കാര്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനിക്കാം. ഇക്കാര്യത്തില്‍ സ്വന്തം താല്പര്യങ്ങലും സൗകര്യങ്ങളും പരിഗണിച്ച് ഏത് ഷിഫ്റ്റ് വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുകയാണ് വാണിജ്യ, വ്യവസായ മന്ത്രാലയം.
ജോലി സമയം മൂന്ന് ഷിഫ്റ്റുകളായി തിരിച്ചതില്‍ രാവിലെ 9:45 നും 2:15 നും ഇടയിലാണ് ഒരു ഷിഫ്റ്റെന്ന് സിവില്‍ സര്‍വീസ് കമ്മീഷന് ബ്യൂറോ തലവന്‍ ഡോ. ഇസ്സാം അല്‍ റുബയാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാവിലെ 10:15 ന് തുടങ്ങി ഉച്ചയ്ക്ക് 2:45 ന് അവസാനിക്കുന്ന രീതിയിലായിരിക്കും രണ്ടാമത്തെ ഷിഫ്റ്റ്. മൂന്നാമത്തെ ഷിഫ്റ്റ് രാവിലെ 10:45 മുതല്‍ 3:15 വരെയായിരിക്കും മെന്നും അധികൃതര്‍ അറിയിച്ചു. ഓരോ സര്‍ക്കാര്‍ ഏജന്‍സിക്കും ജോലിയുടെ സാഹചര്യങ്ങളും സ്വഭാവവും അനുസരിച്ച് മേല്‍പ്പറഞ്ഞ സമയക്രമങ്ങളില്‍ ഓന്നോ അതില്‍ കൂടുതലോ ജോലി സമയം തിരഞ്ഞെടുക്കാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
റമദാനില്‍ ജീവനക്കാര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ജോലി സമയം തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മന്ത്രാലയം ഒരു വെബ്സൈറ്റും രൂപീകരിച്ചിട്ടുണ്ട്. റമദാനില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനും അവരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. ഓരോ ജീവനക്കാരനെയും അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ച് ജോലി സമയം നിര്‍ണ്ണയിക്കാന്‍ അനുവദിക്കുന്ന തീരുമാനം മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അഭിപ്രായപ്പെട്ടു.
കുവൈത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിവില്‍ സര്‍വീസ് കമ്മീഷന് ഈ രീതിയില്‍ മൂന്ന് ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനുള്ള സംവിധാനം നല്ക്കിയിരിക്കുന്നത്. എല്ലാ ഓഫീസുകളും ഒരേ സമയത്ത് പ്രവര്‍ത്തനം ആരംഭിക്കുകയും എല്ലാ ഓഫീസ് ജീവനക്കാരും ഒരേ സമയത്ത് ജോലിക്ക് വരികയും ചെയ്യുന്നതിന് പകരം വ്യത്യസ്ത സമയങ്ങളിലേക്ക് അത് മാറ്റാനുള്ള ശ്രമമാണ് കുവൈത്ത് അധികൃതര്‍ ആലോചിക്കുന്നത്. ഈ രീതി പരീക്ഷണാര്‍ഥം നടപ്പിലാക്കി അതിന്റെ ഫലപ്രാപ്തി പരിശോധിച്ച ശേഷം റമദാന് ശേഷവും തുടരാനാണ് സിവില്‍ സര്‍വീസ് കമ്മീഷന് തലവന്റെ തീരുമാനമെന്ന് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ പരീക്ഷണം വിജയിക്കുന്ന പക്ഷം മന്ത്രാലയങ്ങളിലും സേവന വകുപ്പുകളിലും സ്ഥിരമായ പ്രവര്‍ത്തന സമയത്തിസല്‍ അതിന് അനുസൃതമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി. പുതിയ രീതി നടപ്പില്‍ വരുന്നതോടെ ഓഫീസുകള്‍ക്കുള്ളിലെ തിരക്ക് ഇല്ലാതാകും. എല്ലാവരും ഒരേ സമയം ഓഫീസില്‍ എത്തുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനും പുതിയ രീതി സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടാതെ, സേവന ഏജന്‍സികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ തൊഴില്‍ സമയം തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും.
ഇതുപ്രകാരം ഓരോ ജീവനക്കാരന്റെയും ഔദ്യോഗിക പ്രവൃത്തി സമയവും രാവിലെ നല്കുന്ന ഗ്രേസ് പിരീഡും വ്യക്തിഗതമായി കണക്കാക്കും. നിലവിലെ ഓട്ടോമേറ്റഡ് സംവിധാനത്തിന് പുറമെ ഹാജര്‍ രേഖപ്പെടുത്താന്‍ മറ്റ് രീതികളും നടപ്പിലാക്കാം. നിശ്ചിത സമയത്തിന് 15 മിനിറ്റ് വരെ ഗ്രേസ് പിരീഡിന് അര്‍ഹതയുണ്ടായിരിക്കും. നിലവിലെ നിയമപ്രകാരം വനിതാ തൊഴിലാളികള്‍ക്ക് 15 മിനുട്ട് നേരത്തേ പോകാമെന്ന വ്യവസ്ഥയിലും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു.
പൊതുവായി തീരുമാനിച്ചതു പ്രകാരം ഞായര്‍, വ്യാഴം അല്ലാത്ത ദിവസങ്ങളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കമ്മീഷനില്‍ നിന്നുള്ള അനുമതിയോടെ അതാവാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, റമദാനിലെ ആകെ പ്രവൃത്തി സമയം നാലര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല