![](https://www.nrimalayalee.com/wp-content/uploads/2023/03/UK-National-Minimum-Wage-Hike.jpg)
സ്വന്തം ലേഖകൻ: നാഷണല്‍ ലിവിംഗ് വേജിനെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസമായി വേതനത്തില്‍ 9.7 ശതമാനത്തിന്റെ വര്‍ദ്ധന വരുന്നു. ഏപ്രില്‍ 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടില്‍ നിന്നും 10.42 പൗണ്ട് ആയി ഉയരും. 21-22 പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് വേതനത്തില്‍ വലിയ വര്‍ദ്ധന ലഭിക്കും, 10.9 ശതമാനം. അതോടെ നിലവില്‍ മണിക്കൂറിന് 9.18 പൗണ്ട് എന്നത് മണിക്കൂറിന് 10.18 ആയി ഉയരും.
വ്യക്തികളുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി നിലവില്‍ മൂന്ന് ക്ലാസ്സുകളായാണ് മിനിമം വേതനം ക്രമീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച് 16 മുതല്‍ 17 വരെ പ്രായമുള്ളവരുടെ മിനിമം വേതനം 4.81 പൗണ്ടില്‍ നിന്നും 5.28 പൗണ്ട് ആയും 18 മുതല്‍ 20 വരെ പ്രായമുള്ളവരുടെ മിനിമം വേതനം 6.83 പൗണ്ടില്‍ നിന്നും 7.49 പൗണ്ട് ആയും 21, 22 ഉം വയസ്സുള്ളവരുടെത് 9.18 പൗണ്ടില്‍ നിന്നും 10.18 പൗണ്ട് ആയും വര്‍ദ്ധിക്കും.
2024 ആകുമ്പോഴേക്കും നാഷണല്‍ ലിവിംഗ് വേജ് മീഡിയന് വരുമാനത്തിന്റെ മൂന്നില്‍ രണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോ പേയ് കമ്മീഷന് ഈ ശുപാര്‍ശ സമര്‍പ്പിച്ചത്. ഒരു പൂര്‍ണ്ണസമയ ജോലിക്കാരന് ഈ വര്‍ദ്ധനവോടെ പ്രതിമാസം 150 പൗണ്ട് അധികമായി ലഭിക്കും. ജീവിതച്ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന ഈ സമയത്ത് ഇത് തീര്‍ച്ചയായും ഒരു അനുഗ്രഹം തന്നെയാണ്. അതേസമയം അപ്രന്റീസ് റേറ്റ് 4.81 പൗണ്ടില്‍ നിന്നും 5.28 പൗണ്ട് ആയും അക്കമഡേഷന്‍ ഓഫ്സെറ്റ് 8.70 പൗണ്ടില്‍ നിന്നും 9.10 പൗണ്ട് ആയും വര്‍ദ്ധിക്കും.
ഇതിനു പുറമെ ബെനെഫിറ്റുകള്‍ക്ക് അര്‍ഹരായ ബ്രിട്ടീഷുകാര്‍ക്ക് അടുത്ത മാസം മുതല്‍ കൂടുതല്‍ തുക ലഭിക്കും. ഒട്ടു മിക്ക ബെനെഫിറ്റുകളും ശരാശരി 10.1 ശതമാനം വര്‍ദ്ധിക്കുന്നതിനാലാണിത്. താഴ്ന്ന വരുമാനക്കാരായ ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് താങ്ങായ യൂണിവേഴ്സല്‍ ക്രെഡിറ്റ് ഉള്‍പ്പടെയുള്ളവയില്‍ വര്‍ദ്ധനവ് ഉണ്ടാകും. ഇതനുസരിച്ച്, വ്യക്തിഗത അപേക്ഷകര്‍ക്ക് ലഭിക്കുന്ന തുക 292.11 പൗണ്ടും 368.74 പൗണ്ടും ആകും. ഇത് 25 വയസ്സില്‍ താഴെയുള്ളവരുടെയും അതിന് മുകളില്‍ ഉള്ളവരുടെയും കണക്കാണ്.
അതേസമയം, 25 വയസ്സിനു താഴെയുള്ള ജോടികള്‍ക്ക് ലഭിക്കുക 458.51 പൗണ്ടും25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 578.82 പൗണ്ടും ലഭിക്കും. അതിനു പുറമെ യൂണിവേഴ്സല്‍ ക്രെഡിറ്റ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് വരുന്ന സാമ്പത്തിക വര്‍ഷം 900 പൗണ്ട് കോസ്റ്റ് ഓഫ് ലിംവിംഗ് പേയ്മെന്റ് ആയും ലഭിക്കും. ഇത് മൂന്ന് തവണകള്‍ ആയിട്ടാകും നല്‍കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല