സ്വന്തം ലേഖകൻ: മാനനഷ്ടക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ. 2019-ലെ കേസില്‍ സൂറത്ത് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലായിരുന്നു കേസ്. മേല്‍ക്കോടതിയെ സമീപിക്കുന്നതിനായി ഉത്തരവ് 30 ദിവസത്തേക്ക് മരവിപ്പിക്കുകയും രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു.
ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായിരുന്ന പൂര്‍ണേഷ് മോദിയുടെ പരാതിയിലാണ് കേസ്. 2019 ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശമുണ്ടായത്.
“എല്ലാ കള്ളന്മാരുടെ പേരിലും എന്തുകൊണ്ട് മോദി എന്ന പേര് വരുന്നു, നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിങ്ങനെ,” രാഹുല്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയതായാണ് ആരോപണം.
രാഹുല്‍ ഗാന്ധിയുടെ മനോഭാവം കാരണം കോണ്‍ഗ്രസ് ബുദ്ധിമുട്ടുകയാണെന്ന് കോടതി ഉത്തരവിനോട് പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. രാഹുൽ ഗാന്ധി പറയുന്നതെന്തും കോൺഗ്രസിനേയും രാജ്യത്തെ മുഴുവൻ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.
വെള്ളിയാഴ്ചയായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്.എച്ച്. വർമ മാനനഷ്ടക്കേസിൽ അന്തിമവാദം കേട്ടത്. കേസില്‍ അവസാനമായി രാഹുല്‍ ഹാജരായത് 2021 ഓക്ടോബറില്‍ മൊഴി നല്‍കുന്നതിനായാണ്.
“കിരിത് പൻവാലയാണ് രാഹുലിനായി കോടതിയില്‍ അന്തിമ വാദം ഉന്നയിച്ചത്. മാർച്ച് 23-ന് സൂറത്ത് ജില്ലാ കോടതിയിൽ ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് ഇന്ന് സന്ദേശം അയക്കും. മിക്കവാറും, അദ്ദേഹം കോടതിയിൽ ഹാജരായേക്കും,” പൻവാല കോടതിയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല