സ്വന്തം ലേഖകൻ: അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമെത്തുന്നത് നിരവധി പേര്. രാവിലെ എട്ടുമണിമുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേയ്ക്ക് എത്തിച്ചു.
ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോവും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10-നാണ് സംസ്കാരം. കൊച്ചിയിലെ വി.പി.എസ്. ലേക്ഷോര് ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.
ഹ്രസ്വമായ അമേരിക്കന്‍യാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷന്‍ വാര്‍ഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു. ഹാസ്യവേഷങ്ങളില്‍ത്തുടങ്ങി പില്ക്കാലത്ത് സ്വഭാവനടനായും ശ്രദ്ധിക്കപ്പെട്ട ഇന്നസെന്റ് വിവിധ ഭാഷകളിലായി എഴുന്നൂറോളം സിനിമകളില്‍ വേഷമിട്ടു. ‘മഴവില്‍ക്കാവടി’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാനപുരസ്കാരം നേടി.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് 75,000-ത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ ‘കാന്‍സര്‍വാര്‍ഡിലെ ചിരി’ അര്‍ബുദകാല ജീവിതാനുഭവങ്ങളാണ്. ഈ കൃതിക്ക് ഇംഗ്ലീഷ്, ഇറ്റാലിയന്‍, തമിഴ്, കന്നഡ ഭാഷകളില്‍ പരിഭാഷകള്‍ വന്നു. ‘ചിരിയ്ക്കു പിന്നില്‍’ (ആത്മകഥ), മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ്, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും, കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നിവയാണ് മറ്റു പ്രധാനകൃതികള്‍. തെക്കേത്തല വറീതിന്റെയും മാര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-നാണ് ജനനം.
2014-ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ജയിച്ചില്ല. 2013-ല്‍ അര്‍ബുദം ബാധിച്ചു. പത്തുവര്‍ഷം മനസ്സുറപ്പോടെ രോഗത്തെ നേരിട്ടു. ഭാര്യ: ആലീസ്. മകന്: സോണറ്റ്. മരുമകള്‍: രശ്മി സോണറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല