രണ്ട് ദിവസം. എട്ട് വിക്കറ്റ്. ഇനി വേണ്ടത് വെറും 124 റണ്‍സ്….ഇന്ത്യ – വെസ്റ്റിന്‍ഡീസ് ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കണക്കിലെ കളികള്‍ ഇങ്ങനെയാണ്.പക്ഷേ, ടീം ഇന്ത്യയാണ് ബാറ്റ് ചെയ്യുന്നത്. വേണമെങ്കില്‍ 500 റണ്‍സ് എന്ന മഹാമലയും അനായാസമായി ചേസ് ചെയ്ത് ജയിച്ചുകളയും. മറ്റ് ചിലപ്പോള്‍ അല്ല പലപ്പോഴും പത്തോ ഇരുപതോ റണ്‍സിനുള്ളില്‍ എട്ടുപേരും കീഴടങ്ങി അഞ്ച് ദിവസത്തെ കളി മൂന്നര ദിവസംകൊണ്ട് അവസാനിപ്പിച്ചെന്നുമിരിക്കും.
രണ്ട് വിക്കറ്റിന് 21 റണ്‍സുമായി രണ്ടാമിന്നിംഗ്സ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസ് 180 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. തുടര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റിലെ മല്‍സരം കടുത്ത നാലാമിന്നിംഗ്സില്‍, 276 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ഏറെ പ്രതീക്ഷകളോടെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മോശമല്ലാത്ത ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് വീരേന്ദ്ര സെവാഗും ഗൌതം ഗംഭീറും കാഴ്ചവെച്ചത്. ഈ കൂട്ടുകെട്ട് കൃത്യം അര്‍ധസെഞ്ച്വറി തികച്ചയുടനെ 32 പന്തില്‍ 22 റണ്‍സെടുത്ത ഗംഭീര്‍ മര്‍ലോണ്‍ സാമുവല്‍സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.
മറുവശത്ത് പന്തൊന്നിന് ഒരു റണ്‍ എന്ന കണക്കില്‍ പതിവ് ശൈലിയില്‍ വെടിക്കെട്ട് ബാറ്റിംഗായിരുന്നു സെവാഗ് കാഴ്ചവെച്ചത്. 55 പന്തില്‍ 55 റണ്‍സെടുത്ത സെവാഗ് ഡാരന്‍ സമ്മിയുടെ പന്തില്‍ കുറ്റിതെറിച്ച് പുറത്തായി. അഞ്ച് ഫോറും രണ്ട് സിക്സും സെവാഗിന്റെ ബാറ്റില്‍നിന്ന് പിറന്നു. ഇതോടെ തോല്‍വി മണത്ത ഇന്ത്യയ്ക്ക് തുണയായി ദ്രാവിഡ് – സചിന്‍ സഖ്യം ഏറെ പരുക്കുകളില്ലാതെ മൂന്നാമത്തെ ദിവസത്തെ കളി രണ്ട് വിക്കറ്റിന് 152 റണ്‍സ് എന്ന നിലയില്‍ കൊണ്ട് ചെന്നെത്തിച്ചിട്ടുണ്ട്. ദ്രാവിഡ് 30 ഉം സചിന്‍ 33 ഉം റണ്‍സ് എടുത്തിട്ടുണ്ട്. അതിനിടയില്‍ സചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പതിനയ്യായിരം റണ്‍സും തികച്ചു.
നാലാം ദിവസം സചിനും ദ്രാവിഡും പിടിച്ചുനിന്ന് ഇന്ത്യയെ വിജയ ലക്ഷ്യത്തിലെത്തിക്കുമോ എന്ന ആകാംക്ഷയിലായിരിക്കും ഇന്ത്യ ബാറ്റിംഗ് പുനരാരംഭിക്കുക. എന്തായാലും ഈ ടെസ്റ്റിലും സചിന്‍ നൂറാം സെഞ്ച്വറി തികയ്ക്കില്ലെന്ന് ഏറെക്കൂറെ കരുതാം. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 124 റണ്‍സ്. സചിന് സെഞ്ച്വറി തികയ്ക്കാന്‍ 67 റണ്‍സ് കൂടി വേണം. പക്ഷേ, ഒന്നും പ്രവചിക്കാനാവില്ല. കാരണം, സചിന്‍ ബാറ്റ്കൊണ്ട് സംഹാരമാടിയാല്‍ ജയവും സെഞ്ച്വറിയുമെല്ലാം ആ ബാറ്റില്‍ നിന്ന് പിറക്കും.
പന്ത് കുത്തിത്തിരിയുന്ന ഫിറോസ്ഷാ കോട്ലയില്‍ കളി പ്രവചനാതീതമാണ്. പോരാത്തതിന് നാലാം ഇന്നിംഗ്സ്. സ്പിന്നര്‍മാരായ മര്‍ലോണ്‍ സാമുവല്‍സിനെയും ദേബേന്ദ്ര ബിഷുവിനെയും ആശ്രയിച്ചിരിക്കും വെസ്റ്റിന്‍ഡീസിന്റെ ജയപ്രതീക്ഷകള്‍.
ഈ കളി എങ്ങനെയും ജയിച്ചേ പറ്റൂ എന്ന നിലയിലാണ് ക്യാപ്റ്റന്‍ ധോണി. ഇംഗ്ലണ്ടില്‍ ഏറ്റ തുടര്‍ച്ചയായ പരാജയത്തിലൂടെ ടെസ്റ്റിലെ ഒന്നാം റാങ്ക് കൈവിട്ട ഇന്ത്യയ്ക്ക് ഈ ടെസ്റ്റ് തോറ്റാല്‍ കടുത്ത നാണക്കേടായിരിക്കും. ഇംഗ്ലണ്ടില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യ കരുത്തുറ്റ നിരയുമായാണ് മല്‍സരത്തിനിറങ്ങിയിരിക്കുന്നത് എന്നത് തോറ്റാല്‍ നാണക്കേടിന്റെ ആഴം കൂട്ടും. സെവാഗും ഗംഭീറും യുവ്രാജുമൊക്കെ തിരിച്ചെത്തിയ പൂര്‍ണാര്‍ഥത്തിലെ ടീമാണിത്.
തലേന്നത്തെ സ്കോറായ രണ്ടിന് 21 റണ്‍സുമായി ഇന്ന് കാലത്ത് രണ്ടാമിന്നിംഗ്സില്‍ ബാറ്റിംഗ് തുടര്‍ന്ന വെസ്റ്റിന്‍ഡീസിന്റെ എല്ലാ ബാറ്റ്സ്മാന്‍മാരും 180 റണ്‍സിന് പുറത്തായി. 47 റണ്‍സിന് ആറ് വിക്കറ്റുകള്‍ പിഴുത ആര്‍ അശ്വിനാണ് വെസ്റ്റിന്‍ഡീസിനെ എറിഞ്ഞു വീഴ്ത്തിയത്. ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ അശ്വിന്‍ 128 റണ്‍സിന് ഒമ്പത് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം അവിസ്മരണീയമാക്കി. ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സില്‍ 72 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ പ്രഗ്യാന്‍ ഓജയ്ക്ക് രണ്ടാമിന്നിംഗ്സില്‍ 37 റണ്‍സിന് ഒരു വിക്കറ്റ് മാത്രമേ സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളു. ഉമേഷ് യാദവ് രണ്ടും ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല