1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2023

സ്വന്തം ലേഖകൻ: വെള്ളിത്തിരയിലും ജീവിതത്തിലും ഒരുപാടു പേരെ ചിരിപ്പിച്ച ഇന്നസന്റ് ഒടുവിൽ മലയാളികളെ കരയിച്ചു മടങ്ങി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സംസ്കാര ചടങ്ങ് ഏവരെയും കണ്ണീരിലാഴ്ത്തി. ഇന്നസന്റിന് ഭാര്യയും മകനും മരുമകളും കൊച്ചുമക്കളും അന്ത്യ ചുംബനം നൽകി യാത്രയയയ്ക്കുന്ന രംഗം വികാരനിർഭരമായിരുന്നു.

പ്രിയതമന് അന്ത്യചുംബനം പോലും നൽകാനാകാത്തവിധം ഇന്നച്ചന്റെ ആലീസ് തളർന്നിരുന്നു. അപ്പന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന മരുമകൾ രശ്മി ഏവരെയും കണ്ണീരിലാഴ്ത്തി. അമ്മയെയും ഭാര്യയേയും ചിറകുകളിലൊതുക്കി കരയാൻ പോലുമാകാതെ ഇന്നസെന്റിന്റെ പ്രിയമകൻ സോണറ്റ്. ആയുഷ്കാലം മുഴുവൻ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഇന്നസന്റിന്റെ വിടവാങ്ങൽ മലയാളികളിലാകെ കണ്ണുനീർ പടർത്തി.

സെന്റ് തോമസ് കത്തീഡ്രലിലെ സെമിത്തേരിയിൽ ഇന്നസന്റിനായി കല്ലറ ഒരുക്കിയത് പഴയകാല നാടക പ്രവർത്തകൻ‌ ലാസർ മാമ്പിള്ളിയുടെ കല്ലറയ്ക്കു തൊട്ടടുത്തായാണ്. ടി.ജി. രവിയുടെയും രാജൻ പി.ദേവിന്റെയും ട്രൂപ്പുകളിൽ സജീവമായിരുന്നു ലാസർ മാമ്പിള്ളി. ഇദ്ദേഹം അഭിനയിക്കുന്ന നാടകങ്ങളുടെ റിഹേഴ്സൽ കാണാൻ ഇന്നസന്റ് എത്തുമായിരുന്നു.

മണിക്കൂറുകളോളം കണ്ടു നിർദേശങ്ങളും പങ്കിട്ടാണ് ഇന്നസന്റ് മടങ്ങിയിരുന്നത്. പിന്നീടു നാട്ടിൽ പള്ളികൾക്കു വേണ്ടി ലാസർ മാമ്പിള്ളി സംവിധാനം ചെയ്തു തുടങ്ങിയപ്പോഴും നാടകങ്ങൾ കാണാൻ ഇന്നസന്റ് കാണാൻ എത്തിയിരുന്നതായി ലാസറിന്റെ മകൻ സ്റ്റാൻലി ഓർക്കുന്നു.

കഴിഞ്ഞ വർഷം മാർച്ച് 17നാണു ലാസർ മരിച്ചത്. അസുഖ ബാധിതനായി കിടന്നപ്പോൾ ലാസറിനെ കാണാൻ എത്തിയ ഇന്നസന്റ് പതിവുപോലെ കുറെ തമാശ പറഞ്ഞ് ചിരിപ്പിച്ചാണു മടങ്ങിയത്. മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാനെത്തി. കഴിഞ്ഞയാഴ്ച ആയിരുന്നു ലാസറിന്റെ ചരമ വാർഷികം.

ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ വസതിയിലെ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് ഭൗതികദേഹം പള്ളിയിലെത്തിച്ചത്. ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം.

കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനത്തിനു വച്ചശേഷം ഭൗതികദേഹം തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലേക്കു കൊണ്ടുവന്നത്. കടവന്ത്രയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായാണ് ഭൗതികദേഹം കൊണ്ടുപോയത്.

ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ടൗൺ ഹാളിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.

https://www.facebook.com/watch/?ref=external&v=706742347866098

https://www.facebook.com/watch/?v=3359293810985779

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.