അങ്ങനെ നാക്കിന് എല്ലില്ലാത്ത ഒരുത്തന് അകത്തായി, പൊതുപ്രവര്‍ത്തകനെന്ന പേരും പറഞ്ഞു തെറിപ്പാട്ട് നടത്തുന്ന കുറെയേറെ നേതാക്കന്മാരുടെ കേരള രാഷ്ട്രീയം ഇതില്‍ നിന്നും പാഠം പഠിക്കുമെന്ന ഒരു വിശ്വാസവും നമുക്കില്ലയെങ്കിലും കോടതിയെ പറ്റി പറഞ്ഞാല്‍ ഇങ്ങനെയിരിക്കുമെന്നു ഏവരെയും ബോധ്യപ്പെടുത്തന്നതായി ജയരാജന്റെ പൂജപ്പുര ജയില്‍ പ്രവേശനം, എങ്കിലും നമ്മുടെ കോടതി എത്രപേരെ അകത്താക്കിയാലും പുറത്താക്കാന്‍ ആളുള്ളപ്പോള്‍ കോടതിയ്ക്ക് എന്ത് വില! പിള്ളയുടെയും യെഡിയൂരപ്പയുടെയും കാര്യം തന്നെയെടുത്താല്‍ കോടതിയെ ധിക്കരിക്കുക തന്നെയായിരുന്നില്ലേ? ഭൂമിയോളം ഞങ്ങള്‍ സഹിക്കുമെന്ന നിലപാടാണല്ലോ എത്രയോ മുന്‍പ് കോടതിയ്ക്ക് പിടിച്ചു വായ കെട്ടി അകത്തിടാമായിരുന്ന ജയരാജന്റെ ജയില്‍ പ്രവേശനവും വൈകിപ്പിച്ചത്.
ജനാധിപത്യ സംവിധാനത്തെ താങ്ങിനിര്‍ത്തുന്ന സുപ്രധാന തൂണാണ് ജുഡീഷ്യറി എന്നൊക്കെ നമുക്കറിയാം, മറ്റു സംവിധാനങ്ങള്‍ക്കു സംഭവിക്കുന്ന അപഭ്രംശങ്ങളില്‍ ഇടപെട്ട് ആവശ്യമായ തിരുത്തല്‍ വരുത്താന്‍ ചുമതലപ്പെട്ട ഈ ഭരണഘടനാ സ്ഥാപനത്തിന് വളരെ പവിത്രമായ സ്ഥാനമാണ് ഇന്ത്യയിലുള്ളതും താനും. അനുസരിക്കപ്പെടേണ്ട അവസരങ്ങളില്‍ കോടതി വിധികള്‍ അന്തിമമാണ്. ഏത് അധികാര കേന്ദ്രമോ വ്യക്തിയോ സ്ഥാപനമോ ആവട്ടെ, അതില്‍ മാറ്റമില്ല. കോടതികള്‍ വിമര്ശിക്കപ്പെടാന് പാടില്ല. പക്ഷേ, കോടതി വിധികള്‍ക്ക് ഈ ഇളവില്ല. ജനങ്ങള്‍ക്കു ബോധ്യമില്ലാത്ത വിധിപരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ കോടതികളും വിമര്‍ശിക്കപ്പെടും. അങ്ങനെ ചെയ്യാന്‍ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അവകാശമുണ്ടെന്നു സുപ്രീം കോടതി തന്നെ വിധിച്ചിട്ടുമുണ്ട്. അപ്പോഴും ഏതു തരത്തിലുള്ള കോടതിവിധികളും നടപ്പാക്കുക തന്നെയാണ് നമ്മുടെ ആദ്യ കര്‍ത്തവ്യം.
വിധിയെ ചോദ്യം ചെയ്യുന്നതും അപ്പീല്‍ പോകുന്നതുമൊക്കെ പിന്നീട്. കോടതിയലക്ഷ്യ കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട മുതിര്‍ന്ന സിപിഎം നേതാവ് എം.വി. ജയരാജന്റെ കേസില്‍ സംഭവിച്ചതും അതു തന്നെ. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ആളല്ല ജയരാജന്. തനിക്ക് അനുവദിച്ചിരിക്കുന്ന ജയില്‍ മുറിയില്‍ പ്രത്യേകിച്ച് ഒരു സൗകര്യവും വേണ്ടെന്ന പ്രഖ്യാപനത്തോടെ ജയരാജന് ഇന്നലെത്തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. പ്രത്യേകിച്ചുള്ള സൌകര്യങ്ങള്‍ ഏമാന്മാര് ആവശ്യപ്പെട്ടില്ലേലും ചെയ്തു കൊടുക്കാന്‍ ആളുള്ളപ്പോള്‍ ജയിരാജന് എന്തും പറയാലോ, എന്തും പറയുന്നവന് തന്നെയാണല്ലോ ജയരാജന്.
ജയരാജന് എല്ലില്ലാത്ത നാക്കുമായി കോടതിയ്ക്ക് നേരെ പ്രയോഗിച്ചത് ഇങ്ങനെയാണ് ‘ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നീതിന്യായപീഠത്തില്‍ ഇരുന്നുകൊണ്ട് ഏതാനും ചില ശുംഭന്മാര് പറയുന്നത് മറ്റൊന്നല്ല, യഥാര്‍ഥത്തില്‍ പറയുന്നവര്‍തന്നെ നിയമം നിര്‍മിക്കുന്നു. അവര്‍തന്നെ ഉത്തരവുകളിറക്കുന്നു. ഇത് ജനാധിപത്യത്തിന് യോജിച്ചതല്ല’ ജയരാജന്റെ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങള്‍ ഇങ്ങനെ തുടരുന്നു -‘പൊതുസ്ഥലത്ത് യോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതിവിധി പുല്ലായി മാറിയിരിക്കുകയാണ്. കോടതിവിധികള്തന്നെ നാട്ടിനും ജനങ്ങള്‍ക്കുമെതിരായി മാറുമ്പോള്‍ അത്തരം വിധികള്‍ പുല്ലായിമാറുകയാണ്. ആ വിധിപറഞ്ഞ ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ക്ക് ഇനി എന്തു വിലയാണുള്ളത്. ആ വിധിവാക്യങ്ങള്‍ കേള്‍ക്കാതെ റോഡരികില്‍ ആ വിധി ലംഘിച്ചുകൊണ്ട് ജനങ്ങള്‍ ഇന്ന് കേരളത്തില്‍ എല്ലായിടത്തും പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്നു. ഇനി എന്തിന് ആ ചില്ലുമേടയിലിരുന്ന് വിധിപറയുന്നു? ആത്മാഭിമാനമുള്ളവരാണെങ്കില്‍ ജഡ്ജിമാരുടെ സ്ഥാനത്തുനിന്ന് അവര്‍ രാജിവെച്ചൊഴിയണം. നിയമം വ്യാഖ്യാനിക്കുകയാണ്. നിയമം ജനങ്ങള്‍ക്കുവേണ്ടി നിര്‍മിച്ച നിയമനിര്‍മാണസഭയുടെ ഉദ്ദേശ്യത്തെ വ്യാഖ്യാനിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവുകളെ വ്യാഖ്യാനിക്കുകയാണ് ജഡ്ജിമാര്‍ ചെയ്യേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നീതിന്യായ പീഠത്തിലിരുന്ന് ചില ശുംഭന്മാര് പറയുന്നത് മറ്റൊന്നല്ല…’
സി.പി.എം സംസ്ഥാനക്കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എ.യുമായ ജയിരാജന് ജഡ്ജിയെ ശുംഭന് എന്ന് വിളിക്കാമെങ്കില്‍ നിങ്ങള്‍ നാക്കിനെല്ലില്ലാത്ത പലരെയും ഞങ്ങള്‍ ജനങ്ങള്‍ക്ക് ചിലത് വിളിക്കാം എന്താ വിളിക്കട്ടെ? ഹോ നിങ്ങള്‍ പൊതു പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ മാത്രമേ മാധ്യമങ്ങളില്‍ നിറയൂ, നിങ്ങളാരാ ഞങ്ങളെ വിമര്‍ശിക്കാന്‍ എന്നൊക്കെ ധരിക്കുന്നുണ്ടായിരിക്കും നിങ്ങള്‍, അല്ല അങ്ങനെ തന്നെയാണല്ലോ സംഗതിയുടെ കിടപ്പ് വശവും. രാഷ്ട്രീയക്കാര്‍ക്കെന്താ നിയമങ്ങള്‍ ബാധകമല്ലേ എന്നൊരു സംശയം ഞങ്ങള്‍ ജനങ്ങള്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, സംശയികകാനോരോ കാരണങ്ങള്‍ ഉള്ളപ്പോള്‍ സംശയിക്കാതിരിക്കുന്നതെങ്ങനെ അല്ലെ. വിവാദ പ്രസംഗങ്ങള്‍ നടത്തുന്ന പൊതു പ്രവര്‍ത്തകരും അവരെക്കൊണ്ട് വാര്ത്താക്കോളങ്ങള് നിറയ്ക്കുന്ന മാധ്യമങ്ങളും അവര്‍ പറയുന്നത് മാത്രം കാതോര്‍ക്കുന്ന കോടതിയും വേണ്ടത്ര പരിഗണിക്കാത്ത, എന്നാല്‍ ഞങ്ങള്‍ ജനങ്ങളുടെ കണ്ണ് തുറപ്പിച്ച ചില വാര്‍ത്തകളുണ്ട്.
1. ബസില്‍ പോക്കറ്റടിച്ചെന്ന ആരോപണത്തിന് വിധേയനായ യുവാവ് യാത്രക്കാരുടെ മര്‍ദനമേറ്റു മരിച്ചു. കാരാട്ടുപള്ളിക്കരയില്‍ ‘ഇമാഗോ ഇന്റക്സ്’ എന്ന സ്വകാര്യ പ്ലാസ്റ്റിക് കമ്പനി ജീവനക്കാരനായ പാലക്കാടു സ്വദേശി രഘു(35)വാണു മരിച്ചത്. രഘു നിരപരാധിയെന്ന് പിന്നീട് തെളിഞ്ഞു. ആര്‍ക്കോ തോന്നിയ സംശയം രഘുവിന്റെ ജീവന് അപഹരിച്ചിട്ടും ഒരു പ്രതിഷേധ പ്രകടനം പോലും കേരളത്തില്‍ ഉണ്ടായില്ല.
2 . സുഹൃത്തിനൊപ്പം രാത്രി ജോലിക്കുപോയ ഐടി കമ്പനി ജീവനക്കാരി തസ്നി ബാനു ആക്രമിക്കപ്പെട്ടു. സദാചാര പോലീസാണ് ആക്രമണം നടത്തിയത് . രാഷ്ട്രീയ നേതൃത്വം പ്രസ്താവനകളുമായി രംഗത്തെത്തി. പിന്നീട് തസ്നി ബാനു മറവിലായി.
3 . സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണിയില്‍ ഭയന്നോടിയ വിദേശിയായ യുവാവിനെ കള്ളനെന്നു കരുതി നാട്ടുകാര്‍ തല്ലിച്ചതച്ചു. സുഡാന്‍കാരനായ മുസാഫിര്‍ മുക്താര്‍ അമര്‍ മുഹമ്മദി(26)നാണു നാട്ടുകാരുടെ മര്‍ദനമേറ്റത്.
കോടതിയും രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും വിമര്‍ശിച്ചേ മതിയാകൂ എന്നുണ്ടെകില്‍ ജയരാജന് ഈ സംഭവങ്ങളെ ഏതെങ്കിലും ഒന്നിനെ കൂട്ട് പിടിക്കാമായിരുന്നു, എന്നിട്ടും ജന ജീവിതത്തെ പലപ്പോഴും തടസ പെടുത്തുന്ന നിങ്ങളുടെ തെരുവ് പേക്കൂത്ത് നിരോധിച്ചത് മാത്രമേ ജയരാജന്റെ കണ്ണില്‍ പെട്ടുള്ളോ? ജയരാജന്റെ പ്രസ്താവന ന്യായാധിപര്‍ കഴിവില്ലാത്തവരും നിയമത്തില്‍ അജ്ഞ്ഞരുമാനെന്ന തോന്നല്‍ ഞങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളത് ശരി തന്നെയാണ്, എന്നുകരുതി ആ തോന്നല്‍ മാറ്റാന്‍ ജയരാജന്റെ ജയില്‍ പ്രവേശനം മാത്രം പോരാ, ജനങ്ങള്‍ക്ക് നേരെ പല്ലിളിച്ചു കാട്ടി തെറി പ്രയോഗം നടത്തുന്ന ചിലര്‍ കൂടി ഉണ്ടിവിടെ അവരെയും അകത്താക്കണം, കോടതിയെ വിമര്‍ശിച്ചാല്‍ മാത്രമാണോ അകതാക്കുകയുള്ള്? ഞങ്ങള്‍ ജനങ്ങള്‍ക്ക് ഇതൊന്നും സഹിക്കാന്‍ വയ്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല