സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വലിയ വ്യവസായ വിപ്ലവം ലക്ഷ്യമിടുന്ന പദ്ധതികളുള്പ്പെടുന്നതാണ് സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം. സംരംഭങ്ങള്‍ക്ക് ചെലവാകുന്ന തുകയുടെ 20 ശതമാനം, പരമാവധി 25 ലക്ഷം രൂപവരെ തിരികെ നല്‍കുന്നതിനുള്ള പദ്ധതി, എംഎസ്എംഇ സംരംഭങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വൈദ്യുതി നികുതി ഒഴിവാക്കുന്നത്, സ്ത്രീകള്‍, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ എന്നിവരുടെ സംരംഭങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന് ചാര്‍ജിലും ഇളവ് നല്കല് എന്നിവയൊക്കെയാണ് പുതിയ വ്യവസായ നയത്തില്‍ പറയുന്നത്.
എംഎസ്എംഇ ഇതര സംരംഭങ്ങള്‍ക്ക് സ്ഥിരമൂലധനത്തിന്റെ 100% സംസ്ഥാന ജിഎസ്ടി വിഹിതം അഞ്ച് വര്‍ഷത്തേക്ക് തിരികെ നല്‍കും. വന്‍കിട- മെഗാ സംരംഭങ്ങളില്‍ 50 ശതമാനത്തിലധികം സ്ഥിരം തൊഴിലാളികള്‍ അതാത് പ്രാദേശിക മേഖലയില്‍ നിന്നുള്ളവരാണെങ്കില്‍ തൊഴിലാളികള്‍ക്ക് മാസവേതനത്തിന്റെ 25% അല്ലെങ്കില്‍ പരമാവധി 5000 രൂപ വരെ തൊഴിലുടമയ്ക്ക് ഒരുവര്‍ഷത്തേക്ക് തിരികെ നല്‍കും. ട്രാന്‍സ്ജെന്‍ഡര്‍ തൊഴിലാളികള്‍ക്ക് മാസവേതനത്തിന്റെ 7500 രൂപ തൊഴിലുടമയ്ക്ക് ഒരുവര്‍ഷത്തേക്ക് തിരികെ നല്‍കും. ഇത്തരം സുപ്രധാനമായ മാറ്റങ്ങളാണ് പുതിയ വ്യവസായ നയത്തിലുള്ളത്.
അഡ്വാന്‍സ് ബാറ്ററി നിര്‍മാണ പാര്‍ക്ക്, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെഗാ ഫുഡ് പാര്‍ക്കുകള്‍, മിനി-മള്‍ട്ടി ലോജിസ്റ്റിക് പാര്‍ക്ക്, ലോജിസ്റ്റിക് സേവന ദാതാക്കള്‍ക്ക് വ്യവസായ പദവി, ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്റര്‍, ഇലക്ട്രോണിക് ഹാര്ഡ്വെയര് പാര്‍ക്ക് എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കും. പിപിപി മാതൃകയില്‍ നാനോ ഹബ്, കേരളത്തെ എയ്റോ സ്പേസ്, ഡിഫന്‍സ് ടെക്നോളജി ഹബ്ബാക്കി മാറ്റാന്‍ കേരള സ്പേസ് പാര്‍ക്ക് എന്നിവയും നയത്തിന്റെ ഭാഗമാണ്.
എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, നിര്‍മിത ബുദ്ധി, റോബോട്ടിക്സ്, ആയുര്‍വേദം, ബയോടെക്നോളജി, ഇലക്ട്രിക് വാഹനങ്ങള്‍, ഡിസൈന്‍ മേഖല, ഇലക്ട്രോണിക് സിസ്റ്റം രൂപകല്പനയും ഉദ്പാദനവും, എഞ്ചിനീയറിങ് ഗവേഷണവും വികസനവും, ഭക്ഷ്യ സാങ്കേതിക വിദ്യ, ഗ്രഫീന്‍, മൂല്യവര്‍ധിത റബ്ബര്‍ ഉത്പന്നങ്ങള്‍, ഹൈടെക് ഫാമിങ്, മാരിടൈം, ലോജിസ്റ്റിക് ആന്‍ഡ് പാക്കേജിങ്, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, മാലിന്യ സംസ്കരണവും പുനരുപയോഗവും, നാനോ ടെക്നോളജി തുടങ്ങി 22 മേഖലകളിലായാണ് വ്യവസായ നയം മുന്‍ഗണന നല്‍കുന്നത്.
പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിക്കുക, പുതുതലമുറ സംരംഭങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, സംരംഭങ്ങളെ പാരിസ്ഥിക-സാമൂഹിക-ഭരണ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ലോകോത്തര നിലവാരത്തിലെത്താന്‍ സഹായിക്കുക, കേരള ബ്രാന്‍ഡ് ലേബലില്‍ വിപണനം ചെയ്യാനുള്ള സഹായം നല്‍കുക, ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്താന്‍ സഹായിക്കുക എന്നിവയാണ് പുതിയ വ്യവസായ നയത്തിന്റെ ലക്ഷ്യങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല