ബിഗ്സ്റ്റാര്‍ പൃഥ്വിരാജിന് ബോളിവുഡിലെ സ്വപ്നസുന്ദരി റാണി മുഖര്‍ജിയുടെ വക പ്രശംസാപ്രവാഹം. തെന്നിന്ത്യയില്‍ പൃഥ്വിരാജ് ഒരു സൂപ്പര്‍സ്റ്റാര്‍ ആയി മാറിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ തന്നെ തനിക്ക് ബോധ്യമായതായി റാണി പറയുന്നു. ‘അയ്യാ’ എന്ന ഹിന്ദി ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാണ് റാണി മുഖര്‍ജി. ആദ്യമായാണ് പൃഥ്വിരാജ് ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നത്.
“പൃഥ്വിരാജിന്റെ അപാരമായ സൌന്ദര്യവും എനര്‍ജിയും ആദ്യകാഴ്ചയില്‍ തന്നെ എനിക്കിഷ്ടമായി. ആ സൌന്ദര്യവും സ്വഭാവവും പെരുമാറ്റവുമാണ് അദ്ദേഹത്തെ തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ ആക്കി മാറ്റിയത്. അദ്ദേഹം ഞങ്ങളില്‍ ഒരാളെപ്പോലെയാണ് ഈ സെറ്റില്‍ പെരുമാറുന്നത്, വളരെ ഫ്രണ്ട്ലിയാണ് പൃഥ്വി” – റാണി മുഖര്‍ജി പറയുന്നു.
പ്രശസ്ത സംവിധായകന് അനുരാഗ് കശ്യപാണ് ‘അയ്യാ’ നിര്‍മ്മിക്കുന്നത്. ഗന്ധ, റസ്റ്റോറന്റ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സച്ചിന് കുന്ദല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ് തിരക്കഥയെഴുതുന്നു. ഒരു ക്രോസ് കള്‍ച്ചറല്‍ ലവ് സ്റ്റോറിയാണ് ‘അയ്യാ’. പൃഥ്വിരാജ് ഒരു തമിഴ് പയ്യനായി അഭിനയിക്കുമ്പോള്‍ മഹാരാഷ്ട്രക്കാരി പെണ്‍കുട്ടിയായി റാണിയെത്തുന്നു. ഇവര്‍ തമ്മിലുള്ള പ്രണയം നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ്.
“ഒരു ഹിന്ദി സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്തല്ല ഞാന്‍ ഈ ചിത്രം ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ വളരെ മുമ്പേ എനിക്ക് ഹിന്ദി പ്രൊജക്ടുകള്‍ ചെയ്യാമായിരുന്നു. ഒട്ടേറെ സിനിമകള്‍ തിരക്കഥ വായിച്ച ശേഷം ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. അനുരാഗ് പറഞ്ഞ കഥയും ചിത്രത്തിന്റെ തിരക്കഥയും എന്നെ ആവേശഭരിതനാക്കി. അങ്ങനെയാണ് ഈ സിനിമ ചെയ്യുന്നത്” – പൃഥ്വിരാജ് വ്യക്തമാക്കുന്നു. ‘അയ്യാ’യിലെ താരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമുള്ള വര്‍ക്ഷോപ്പ് മുംബൈയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം ഉടന്‍ തുടങ്ങുന്നു. ഈ സിനിമയിലൂടെ ബോളിവുഡിലും തിരക്കേറിയ താരമായി പൃഥ്വിരാജ് മാറുമെന്നുറപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല