സ്വന്തം ലേഖകൻ: പന്ത്രണ്ട് വര്‍ഷമായുള്ള ഇന്ധന ഡ്യൂട്ടി മരവിപ്പിക്കല്‍ അടുത്ത വര്‍ഷം നീക്കുമെന്ന് ചാന്‍സലറുടെ മുന്നറിയിപ്പ്.രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി പരിഗണിച്ചാല്‍ 2011 മുതല്‍ തുടരുന്ന ഇന്ധന ഡ്യൂട്ടി മരവിപ്പിക്കല്‍ അനിശ്ചിതമായി തുടരാന്‍ കഴിയില്ലെന്ന് ജെറമി ഹണ്ട് പറയുന്നു.
ഈ മാസം അവതരിപ്പിച്ച ബജറ്റില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച 7 പെന്‍സ് വര്‍ധന ചാന്‍സലര്‍ റദ്ദാക്കിയിരുന്നു. താല്‍ക്കാലിക 5 പെന്‍സ് കട്ടിംഗ് 12 മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ വര്‍ധന നടപ്പാക്കുമോയെന്ന് സംശയിക്കുന്നതായി കോമണ്‍സ് ട്രഷറി കമ്മിറ്റി ടോറി ചെയര്മാന് ഹാരിയറ്റ് ബാല്ഡ്വിന് പറഞ്ഞു.
എന്നാല്‍ ഫ്യൂവല്‍ ഡ്യൂട്ടി ഇനിയും മരവിപ്പിക്കുന്നത് അസാധ്യമായ കാര്യമാണെന്ന് ഹണ്ട് വ്യക്തമാക്കി. ‘ഈ മാറ്റം സ്ഥിരപ്പെടുത്തുന്നത് താങ്ങാന്‍ കഴിയാത്ത കാര്യമാണ്. ഇതൊരു ഓപ്ഷനല്ല’, ചാന്‍സലര്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പായി ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുന്നത് വോട്ടിംഗിനെ ബാധിക്കുമെന്ന് ഫെയര്‍ ഫ്യൂവല്‍ യുകെയിലെ ഹോവാര്‍ഡ് കോക്സ് പറഞ്ഞു.
ചാന്‍സലര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടാല്‍ അത് രാഷ്ട്രീയ ആത്മഹത്യയായി മാറുമെന്നാണ് കോക്സ് ചൂണ്ടിക്കാണിക്കുന്നത്. ആഗോള ഇന്ധനവില കുറയുന്ന ഘട്ടത്തിലും അതിവേഗത്തില്‍ ഇത് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ പമ്പുകള്‍ തയ്യാറാകുന്നില്ല. വരും മാസങ്ങളില്‍ ഇന്ധനവില കൂടുതല്‍ താഴ്ന്നാല്‍ ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിക്കല്‍ ഒഴിവാക്കിയാലും ജനത്തെ സാരമായി ബാധിക്കാത്ത തരത്തിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം ഏപ്രിൽ ഒന്ന് മുതൽ ബ്രിട്ടനിൽ ബ്രോഡ്ബാന്‍ഡ് ബില്ല്, കൗണ്‍സില്‍ നികുതി, എനർജി ബില്ല്, ഗ്യാസ് ബില്ല് എന്നിവ ഉൾപ്പടെ എല്ലാം ഉയരുകയാണ്. ചെലവ് ചുരുക്കിയില്ലങ്കിൽ സാമ്പത്തിക കാര്യങ്ങള്‍ പിടി വിടും. കാരണം എനര്‍ജി ബില്ലിലും നികുതിയിലും മാത്രമല്ല ബ്രോഡ്ബാന്‍ഡ്, ജല ഉപയോഗ നിരക്ക്, ചികിത്സാ മേഖല എന്നിങ്ങനെ എല്ലാത്തിലും ചെലവേറും. മാര്‍ച്ചില്‍ ഏകദേശം 2.5 മില്യൻ കുടുംബങ്ങളാണ് ലോണുകളും ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകളും മറ്റു ബില്ലുകളും അടയ്ക്കാതെ പോയത്. ഇതു തന്നെ സമ്മര്‍ദ്ദം വ്യക്തമാക്കുന്നതാണ്.
ഊര്‍ജ ബില്ലുകളുടെ നിലവിലെ പരിധി ശരാശരി കുടുംബത്തിന് പ്രതിവര്‍ഷം 2,500 പൗണ്ടായി തുടരുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നിട്ടും ഏപ്രില്‍ ഒന്ന് മുതല്‍ കൂടുതല്‍ പണം ഇതിനായി ജനങ്ങള്‍ കണ്ടെത്തേണ്ടി വരും. പ്രതിമാസം 66 പൗണ്ട് വീതം ആറ് ഗഡുക്കളായി നല്‍കിയിരുന്ന എനര്‍ജി സപ്പോര്‍ട്ട് സ്കീം അവസാനിക്കുകയാണ്. ബ്രോഡ്ബാന്‍ഡിനായി നിലവില്‍ പ്രതിവര്‍ഷം 333 പൗണ്ട് അടക്കുന്ന ശരാശരി ഉപയോക്താവിന് 47.95 പൗണ്ടോളം വര്‍ധിച്ച് 380.95 പൗണ്ട് വരെ ആകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല