സ്വന്തം ലേഖകൻ: ഖത്തറിലെ സാമ്പത്തികമായി പിന്നാക്കം നിലക്കുന്ന പ്രവാസി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠന സ്കോളർഷിപ് നൽകുമെന്ന് എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ (ഇ.എ.എ). 2025-26 അധ്യയന വർഷത്തിലായിരിക്കും ഇ.എ.എ ഫൗണ്ടേഷനു കീഴിൽ വിദ്യാഭ്യാസ സ്കോളർഷിപ് നൽകുന്നത്. രാജ്യത്തെ ഒമ്പതു സർവകലാശാലകളിലെ ഉന്നത പഠനത്തിന് അവസരം നൽകുന്നതായിരിക്കും സ്കോളർഷിപ്.
ലോകത്തെ പിന്നാക്ക രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രാജ്യാന്തര സംഘടനയാണ് എജുക്കേഷൻ എബൗ ഓൾ. ഇസ്ലാമിക മതകാര്യമന്ത്രാലയം ഔഖാഫും ഇ.എ.എ ഫൗണ്ടേഷനും ചേർന്ന് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഖത്തർ സ്കോളർഷിപ് പ്രോഗ്രാമിലാണ് പ്രഖ്യാപനം നടന്നത്. ഇഫ്താറോടെ നടന്ന ചടങ്ങിൽ സ്കോളർഷിപ് സ്വീകരിച്ച് ഉന്നത പഠനം പൂർത്തിയാക്കിയ 39 പേരെ ആദരിച്ചു.
ഔഖാഫ് ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽഥാനി, യമൻ വിദ്യാഭ്യാസ മന്ത്രി താരിഖ് അൽ അക്ബരി, ഇ.എ.എ സി.ഇ.ഒ ഫഹദ് അൽ സുലൈതി, ദോഹ ശാസ്ത്ര സാങ്കേതിക സർവകലാശാല സി.ഇ.ഒ ഡോ. സലീം ബിൻ നാസർ അൽ നഈമി എന്നിവർ പങ്കെടുത്തു. ഖത്തർ യൂനിവേഴ്സിറ്റി, ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി, ഒറിക്സ് യൂനിവേഴ്സിറ്റി, ലുസൈൽ യൂനിവേഴ്സിറ്റി, ഗ്ലോബൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളും പ്രതിനിധികളും, യമൻ, ഫലസ്തീൻ, സുഡാൻ, ജോർഡൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
17 മുതൽ 25 വരെ പ്രായക്കാരായ വിദ്യാർഥികളുടെ ഉന്നത പഠനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയിലാണ് ഖത്തർ സ്കോളർഷിപ് പ്രോഗ്രാം നടപ്പാക്കുന്നത്. ഇ.എ.എ ശിപാർശ ചെയ്യുന്ന രാജ്യങ്ങളിൽനിന്നുള്ള ദരിദ്ര വിഭാഗക്കാരായ വിദ്യാർഥികൾക്കാണ് ഉന്നത പഠന സ്കോളർഷിപ്. ഏതെല്ലാം രാജ്യക്കാരായ വിദ്യാർഥികൾക്കാണ് ലഭിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഖത്തറിലെ സർവകലാശാലകളിലായിരിക്കും ഉന്നത പഠനത്തിന് അവസരം. ഖത്തർ യൂനിവേഴ്സിറ്റി, അൽ റയാൻ ഇന്റർനാഷനൽ യൂനിവേഴ്സിറ്റി കോളജ്, ദോഹ ശാസ്ത്ര സാങ്കേതിക സർവകലാശാല, യൂനിവേഴ്സിറ്റി ഓഫ് കലഗരി ഖത്തർ, ഹമദ് ബിൻ ഖലീഫ സർവകലാശാല, ഒറിക്സ് യൂനിവേഴ്സിറ്റി (ലിവർപൂളുമായി പങ്കാളിത്തം), ലുസൈൽ യൂനിവേഴ്സിറ്റി, ഗ്ലോബൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഖത്തർ ഫൗണ്ടേഷനുമായി പങ്കാളിത്തമുള്ള സർവകലാശാലകൾ എന്നിവിടങ്ങളിലാവും പ്രവേശനം നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല