സ്വന്തം ലേഖകൻ: അനധികൃതമായി കാനഡ-യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യൻകുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ്. ഇന്ത്യക്കാരായ അഞ്ചംഗ കുടുംബത്തേയും കനേഡിയൻ പാസ്പോർട്ടുള്ള റൊമാനിയൻ വംശജനേയും യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
മൂന്ന് വയസിൽ താഴെ പ്രായമുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടും. വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ഇവർ അതിർത്തി കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ലോക്കൽ ഡെപ്യുട്ടി പോലീസ് ചീഫ് ലീ ആൻ ഒബ്രിയെൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബോട്ട് മറിഞ്ഞ് കിടക്കുന്നതിനടുത്തായിരുന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹത്തിൽ നിന്ന് മറ്റൊരു കുട്ടിയുടെ പാസ്പോർട്ട് കൂടി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ. അതിർത്തി കടന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായും ഒബ്രിയേൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല