1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2023

സ്വന്തം ലേഖകൻ: വിമാനങ്ങളെപ്പോലെ, ഉപയോഗം കഴിഞ്ഞാൽ സുരക്ഷിതമായി റൺവേയിൽ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം (ലെക്സ്) വിജയം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) ഇന്നു രാവിലെയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്.

ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്ടറിൽ 4.5 കിലോമീറ്റർ ഉയരത്തിൽ കൊണ്ടുപോയി റൺവേയിൽ ഓട്ടണോമസ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമായി. രാവിലെ 7.10ന്, ആർഎൽവി വഹിച്ചുകൊണ്ട് ഇന്ത്യൻ എയർഫോഴ്സിന്റെ ചിനൂക്ക് ഹെലികോപ്റ്റർ പറന്നുയർന്നു. സമുദ്രനിരപ്പിൽനിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ ആർഎൽവിയുടെ മിഷൻ മാനേജ്മെന്റ് കംപ്യൂട്ടർ കമാൻഡിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനം, വേഗം, ഉയരം, ബോഡി റേറ്റ് തുടങ്ങിയ 10 പിൽബോക്സ് മാനദണ്ഡങ്ങൾ കൈവരിച്ച ശേഷം ഇന്റഗ്രേറ്റഡ് നാവിഗേഷൻ, ‍ഗൈഡൻസ് ആൻഡ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ചാണ് ലാൻഡിങ് നടത്തിയത്.

7.40ന് എടിആർ എയർ സ്ട്രിപ്പിൽ സ്വയം ലാൻഡിങ് പൂർത്തിയാക്കി. ബഹിരാകാശ വാഹനങ്ങളുടെ ചെലവ് കുറയ്ക്കുന്ന ഗവേഷണങ്ങളിലെ പുതിയ നാഴികക്കല്ലാണ് ആർഎൽവി. 2016 മേയിൽ ആർഎൽവി ടിഡി ഹെക്സ് വാഹനം ബംഗാൾ ഉൾക്കടലിനു മുകളിലെ സാങ്കൽപ്പിക റൺവേയിൽ ലാൻഡിങ് നടത്തിയിരുന്നു. അതിനു ശേഷമാണ് യഥാർഥ റൺവേയിൽ കൃത്യമായി ലാൻഡിങ് നടത്തുമ്പോൾ നേരിടാവുന്ന വെല്ലുവിള‍ികൾ കണ്ടെത്തി പരിഹരിക്കാൻ ആർഎൽവി ലാൻഡിങ് പരീക്ഷണം (ആർഎൽവി–ലെക്സ്) നടത്തിയത്.

ബഹിരാകാശത്തു പോയ ശേഷം തിരിച്ചെത്തുന്ന വാഹനത്തിന്റെ എല്ലാ അവസ്ഥകളും സജ്ജമാക്കിയാണ് ആർഎൽവി ഓട്ടണോമസ് ലാൻഡിങ് നടത്തിയത്. ഭ്രമണപഥത്തിൽനിന്നു തിരികെ വിക്ഷേപണ വാഹനം വരുമ്പോൾ പാതയിൽ ഉണ്ടാകുന്ന ഉയർന്ന വേഗം, സ്വയനിയന്ത്രിതമായ കൺട്രോളുകൾ, കൃത്യമായ ലാൻഡിങ്, ലാൻഡിങ് മാനദണ്ഡങ്ങളായ ഭൂമിയുടെ ആപേക്ഷിക വേഗം, ലാൻഡിങ് ഗീയറുകളുടെ സിങ്ക് നിരക്ക്, കൃത്യമായ ബോഡി നിരക്കുകൾ തുടങ്ങിയവ സജ്ജമാക്കിയിരുന്നു.

കൃത്യമായ നാവിഗേഷൻ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും, സ്യൂഡോ ലൈറ്റ് സിസ്റ്റം, കെഎ ബാൻഡ് റഡാർ ആൾട്ടിമീറ്റർ, നാവിക് റിസീവർ, തദ്ദേശീയ ലാൻഡിങ് ഗീയർ, എയ്റോഫോയിൽ ഹണികോംപ്– ചീപ്പ് ഫിൻസ്, ബ്രേക്ക് പാരഷൂട്ട് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ദൗത്യത്തിനു വേണ്ടി വികസിപ്പിച്ചു.

ഇതിനു വേണ്ട ഗതിനിർണയ സാങ്കേതിക വിദ്യകൾ ഭൂരിഭാഗവും ഇസ്റോ തദ്ദേശീയമായി വികസിപ്പിച്ചെടുത്തവയാണ്. വിമാനങ്ങളുടെ മാതൃകയിൽ വായുവിനെ നിയന്ത്രിച്ച് ലാൻഡിങ് ക്രമീകരിക്കുന്ന എയ്റോഡൈനാമിക് രൂപകൽപനയാണ് ആർഎൽവിക്ക്. ആർഎൽവി ലെക്സിനു വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ ഇസ്റോയുടെ മറ്റു വിക്ഷേപണ വാഹനങ്ങളെയും കൂടുതൽ ചെലവു കുറഞ്ഞതാക്കാൻ സഹായിക്കും.

2019 ൽ ഇന്റർഗ്രേറ്റഡ് നാവിഗേഷൻ പരീക്ഷണം ഉപയോഗിച്ചാണ് ലെക്സ് തുടങ്ങിയത്. ഇസ്റോ ചെയർമാൻ എസ്.സോമനാഥിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. വിഎസ്എസ്‍സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ, എടിഎസ്പി പ്രോഗ്രാം ഡയറക്ടർ എൻ.ശ്യാം മോഹൻ എന്നിവർ ടീമുകളെ നയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.