1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2023

സ്വന്തം ലേഖകൻ: കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ രണ്ട് മാസത്തിനകം സ‍ർവീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത മാസത്തോടെ ട്രെയിൻ കേരളത്തിലെത്തിച്ച് പരീക്ഷണയോട്ടം നടത്തുമെന്നും ഇതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്നുമാണ് വിവരം. തിരുവനന്തപുരം – കണ്ണൂർ റൂട്ടിലായിരിക്കും പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ സർവീസ് നടത്തുക എന്നും മനോരമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ചെന്നൈ – കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനിനു സമാനായിരിക്കും കേരളത്തിലെത്തുന്ന ട്രെയിൻ. തിരുവനന്തപുരം മുതൽ മംഗളൂരു വരെ സർവീസ് നടത്താനായിരുന്നു ആലോചനയെങ്കിലും പിന്നീട് ഇത് കണ്ണൂ‍ർ വരെയാക്കി ചുരുക്കുകയായിരുന്നു. ഇരട്ടപ്പാത നിലവിലുള്ള കോട്ടയം റൂട്ടിലൂടെയായിരിക്കും ട്രെയിൻ ഓടുക. വന്ദേ ഭാരത് എത്തുന്നതിനു മുന്നോടിയായി കൊച്ചുവേളിയിൽ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യങ്ങൾ പൂർത്തിയാക്കിയെന്നും ഇവിടെ രണ്ട് പിറ്റ്ലൈനുകൾ വൈദ്യുതീകരിച്ചെന്നുമാണ് വാർത്തയിൽ വ്യക്തമാക്കുന്നത്. അതേസമയം, കേരളത്തിലെ വന്ദേ ഭാരത് ട്രെയിൻ സർവീസ് സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിൻ്റെ സ്ഥിരീകരണമില്ല.

കേരളത്തിലേയ്ക്ക് വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ പരിഗണനയിലില്ലെന്ന് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെൻ്റിൽ വ്യക്തമാക്കിയിരുന്നു. പല കാര്യങ്ങളും പരിഗണിച്ച ശേഷമാണ് വന്ദേ ഭാരത് ട്രെയിനുകൾ വിന്യസിക്കുന്നതെന്നും ഒരു സംസ്ഥാനത്തിനു മാത്രമായി വന്ദേ ഭാരത് അനുവദിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു ദിവസങ്ങൾക്കു ശേഷമാണ് ഇതിനു വിരുദ്ധമായുള്ള മനോരമ റിപ്പോർട്ട്. പുതിയ ട്രെയിനിൻ്റെ റൂട്ട് അടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. 160 കിലോമീറ്റ‍ര് ‍വരെ വേഗമാ‍ർജിക്കാൻ ശേഷിയുള്ള ട്രെയിനിന് വിദേശ ട്രെയിനുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളുണ്ട്. അതേസമയം, കേരളത്തിലെ ട്രാക്കുകളിലെ വളവുകളും സിഗ്നലിങ് പോരായ്മകളും മൂലം നൂറുകിലോമീറ്ററിലധികം വേഗമാ‍ർജിക്കാൻ കഴിയില്ല.

തിരുവനന്തപുരം – എറണാകളും പാതയിൽ 75 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെയാണ് അനുവദനീയമായ വേഗം. പ്രത്യേക എൻജിനു പകരം കോച്ചുകളിലുള്ള ട്രാക്ഷൻ മോട്ടറുകളുടെ സഹായത്തോടെ സഞ്ചരിക്കുന്ന വന്ദേ ഭാരതിന് പെട്ടെന്ന് വേഗമാ‍ർജിക്കാനും നിർത്താനും സാധിക്കും. ഇതിനാൽ മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രാസമയം കുറയാനും സാധ്യതയുണ്ട്. ജനശതാബ്ദിയ്ക്ക് സമാനമായി പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും ട്രെയിനിന് സ്റ്റോപ്പുണ്ടാകുക.

കേരളത്തിലെ സാഹചര്യങ്ങളിൽ യാത്രാസമയത്തിൽ വലിയ ലാഭമുണ്ടായില്ലെങ്കിലും ആധുനിക സൗകര്യങ്ങളുള്ള പുത്തൻ ട്രെയിനിലെ സുഖകരമായ യാത്രയായിരിക്കും കേരളത്തിനു നേട്ടമാകുക. എസി ചെയ‍ർകാർ, എക്സിക്യൂട്ടീവ് ചെയർകാർ ടിക്കറ്റുകളാണ് വന്ദേ ഭാരതിൽ ഉണ്ടാകുക. പൂ‍ർണമായും ശീതീകരിച്ച കോച്ചുകളിലെ സുഖകരമായ സീറ്റുകൾ, വലുപ്പമേറിയ ശുചിമുറി, നല്ല വെളിച്ചവും സുരക്ഷാ ക്യാമറകളുമുള്ള ഇൻ്റീരിയ‍ർ, തനിയെ അടയുന്ന വാതിലുകൾ, അടുത്ത സ്റ്റേഷൻ്റെ വിവരങ്ങൾ കാണിക്കുന്ന സ്ക്രീനുകൾ കൂടുതൽ യാത്രാസുഖം തുടങ്ങിയവയാണ് പുതിയ ട്രെയിനിൻ്റെ പ്രത്യേകതകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.