സ്വന്തം ലേഖകൻ: യൂറോപ്പ് യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് വളരെ അത്യന്താപേക്ഷിതമായ കാര്യമാണ് ഷെങ്കൻ വീസ. യൂറോപ്യൻ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഒരൊറ്റ വീസയാണിത്. ഹ്രസ്വകാല വീസകള്‍ ആയും, ഇഷ്യൂ ചെയ്യുന്ന പ്രദേശത്തിന്‍റെയും സാധ്യമായ മറ്റ് പ്രദേശങ്ങളുടെയും രാജ്യാന്തര ട്രാൻസിറ്റ് ഏരിയകളിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന എയർപോർട്ട് ട്രാൻസിറ്റ് വീസയായും, ഓരോ അംഗരാജ്യത്തിന്‍റെയും ദേശീയ ചട്ടങ്ങൾക്കനുസൃതമായി നല്‍കുന്ന ദീർഘകാല വീസയായുമെല്ലാം പല വിധത്തില്‍ ഇത് ലഭ്യമാണ്.
സാധാരണയായി എംബസിയിലോ കോണ്‍സുലേറ്റിലോ വീസ സെന്‍ററുകളിലോ ഒക്കെയാണ് ഷെങ്കന്‍ വീസയ്ക്കുള്ള അപേക്ഷകള്‍ നല്‍കുന്നത്. എന്നാല്‍, അധികംവൈകാതെ തന്നെ ഷെങ്കൻ വീസ ഓണ്‍ലൈന്‍ ആയി ലഭിക്കും. ഷെങ്കൻ വീസ ഡിജിറ്റലൈസ് ചെയ്യാൻ ഒരുങ്ങുകയാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ അംബാസഡർമാർ, വീസ നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നിർദ്ദേശം അംഗീകരിച്ചു. നിലവിലെ വീസ സ്റ്റിക്കറിന് പകരം ഡിജിറ്റൽ വീസ നല്‍കുന്നതാണ് പുതിയ നിര്‍ദേശം.
ഡിജിറ്റൽ ഷെങ്കന്‍ വീസ വരുന്നതോടെ അര്‍ഹരായ യാത്രക്കാർക്ക് വീസയ്ക്ക് അപേക്ഷിക്കുന്നത് എളുപ്പമാകും. മാത്രമല്ല, അതേ സമയം ഷെങ്കന്‍ പ്രദേശം കൂടുതല്‍ സുരക്ഷിതമാക്കാനും ഇതുവഴി സാധിക്കും. യാത്രക്കാർക്ക് കോൺസുലേറ്റിലേക്കും മറ്റും യാത്രകൂടാതെ, ഓൺലൈൻ ആയി അപേക്ഷ നല്‍കാം, ദേശീയ ഭരണകൂടങ്ങൾക്കും വീസ പ്രക്രിയ കൂടുതല്‍ സുഗമമാക്കും. വീസ സ്റ്റിക്കറിലെ കൃത്രിമത്വത്തിന്‍റെയും മോഷണത്തിന്‍റെയും അപകടസാധ്യത അവസാനിപ്പിക്കാനും പുതിയ ഡിജിറ്റല്‍ വീസയ്ക്ക് കഴിയും.
യൂറോപ്യൻ കൗൺസിലിന്‍റെ പ്രസ്താവന പ്രകാരം, നിർദ്ദിഷ്ട പുതിയ നിയമങ്ങൾക്ക് വേണ്ടി ഒരു വീസ അപേക്ഷാ പ്ലാറ്റ്ഫോം ഉണ്ടാക്കും. ഷെങ്കൻ വീസയ്‌ക്കുള്ള എല്ലാ അപേക്ഷകളും ഈ പ്ലാറ്റ്‌ഫോം വഴി നല്‍കാം. ഒരൊറ്റ വെബ്‌സൈറ്റില്‍ നിന്നും ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കും, പ്രസക്തമായ ദേശീയ വീസ സംവിധാനങ്ങളിലേക്കുള്ള ലിങ്കുകളും ഇതില്‍ ഉണ്ടാകും.
ഈ പ്ലാറ്റ്‌ഫോമിൽ, വീസ അപേക്ഷകർക്ക് അവരുടെ യാത്രയുടെയും അനുബന്ധ രേഖകളുടെയും ഇലക്ട്രോണിക് പകർപ്പുകൾ അപ്‌ലോഡ് ചെയ്യാനും വീസ ഫീസ് അടയ്ക്കാനുമുള്ള സൗകര്യം ഉണ്ടാകും. വീസ സംബന്ധിച്ച തീരുമാനവും അപേക്ഷകര്‍ക്ക് വെബ്സൈറ്റിലൂടെ അറിയാം.
ആദ്യമായി കോൺസുലേറ്റ് സന്ദര്‍ശിക്കുന്നവരോ അസാധുവായ ബയോമെട്രിക് ഡാറ്റ ഉള്ളവരോ ആയ അപേക്ഷകർക്ക് മാത്രമേ നേരിട്ട് ഹാജരാകേണ്ടതുള്ളു. ക്രിപ്റ്റോഗ്രാഫിക്കലായി സൈന്‍ ചെയ്ത 2D ബാർകോഡ് ഉള്ള ഡിജിറ്റൽ ഫോർമാറ്റിലും വീസ നൽകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല