1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2023

സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിബന്ധനകള്‍ പാലിക്കാത്തവരായി കണ്ടെത്തുന്നവരുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 600 ദിനാര്‍ ശമ്പളമുള്ള ജോലിയും സര്‍വകലാശാലാ ബിരുദവും വേണമെന്നാണ് നിയമം. എന്നു മാത്രമല്ല, നിശ്ചിത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമേ അത് അനുവദിക്കുകയുള്ളൂ.

ഇതിന്റെ അടിസ്ഥാനത്തില്‍ 600 ദിനാറില്‍ താഴെ ശമ്പളമുള്ളവരും യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്തവരുമായ പ്രവാസികള്‍ കൈവശം വയ്ക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രാലയം ഒരു പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുകയാണ്.

പ്രവാസി ഡ്രൈവിംഗ് ലൈസന്‍സുകളുടെ സ്ഥിതി പഠിക്കാനും അവരുടെ എല്ലാ വിവരങ്ങളും അവലോകനം ചെയ്യാനുമായി ആഭ്യന്തര മന്ത്രി ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. സര്‍കലാശാലാ ബിരുദം ഇല്ലാത്തതോ ശമ്പളം 600 ദിനാറില്‍ കുറഞ്ഞതോ ആയ ഏതൊരു പ്രവാസിയുടെയും ലൈസന്‍സ് ബ്ലോക്ക് ചെയ്യാനാണ് കമ്മിറ്റിയുടെ നീരുമാനമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറബിക് ദിനപത്രം അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിലൂടെ ഏകദേശം മൂന്ന് ലക്ഷം പ്രവാസികളുടെ ഡ്രൈവിംഗങ് ലൈസന്‍സുകള്‍ പിന്‍വലിക്കപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ലൈസന്‍സ് ഉടമയ്ക്കും അവരുടെ തൊഴിലുടമയ്ക്കും വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡെലിവറി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ ലൈസന്‍സ് കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നത് ഈ മേഖലയെ തന്നെ പ്രതിസന്ധിയിലാക്കുമെന്ന ഭീതി തൊഴിലുടമകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

രാജ്യത്തെ പ്രവാസികളില്‍ വലിയൊരു വിഭാഗം അനധികൃതമായി ലൈസന്‍സ് കൈവശം വയ്ക്കുന്നതായി നേരത്തേ ട്രാഫിക് വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തേയുണ്ടായിരുന്ന ജോലി മാറുകയും ശമ്പളം 600 ദിനാറില്‍ കുറയുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നേരത്തേ ലൈസന്‍സ് അനുവദിക്കപ്പെട്ടിരുന്ന പലര്‍ക്കും അത് നിഷേധിക്കപ്പെടും.

രാജ്യത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള വഴി എന്ന നിലയ്ക്കാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്. അതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നടപടി. എന്നാല്‍ മൂന്ന് ലക്ഷത്തോളം പ്രവാസി തൊഴിലാളികളെ പൊടുന്നനെ പ്രതിസന്ധിയിലാക്കുന്ന ഈ തീരുമാനത്തിനെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

ഗതാഗതക്കുരുക്ക് നേരിടുന്നതിന് ഇതുപോലെ ബുദ്ധിമുട്ടുള്ളതും വിവേചനപരവുമായ പരിഹാരങ്ങളല്ല വേണ്ടതെന്നും ഈ തീരുമാനം രാജ്യത്തെ സേവിക്കുകയും അതിന്റെ ബിസിനസ്സ് പ്രക്രിയകളില്‍ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രവാസികളെ ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് തള്ളിവിടുമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ അല്‍ ജരീദ പത്രം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.