1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2023

സ്വന്തം ലേഖകൻ: കോക്പിറ്റില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നാല് യാത്രക്കാരുണ്ടായിരുന്ന ചെറുവിമാനമാണ് ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് റുഡോള്‍ഫ് എറാസ്മസ് ധൈര്യം കൈവിടാതെ സുരക്ഷിതമായി താഴെയിറക്കിയത്. വോസ്റ്ററില്‍ നിന്ന് നെൽസ്‌പ്രൈറ്റിലേക്കുള്ള യാത്രാമധ്യേയാണ് പൈലറ്റിന്റെ സീറ്റിന് കീഴില്‍ മൂര്‍ഖന്‍ ഇനത്തില്‍ പെടുന്ന പാമ്പിനെ കണ്ടെത്തിയത്.

ഞായറാഴ്ച വിമാനത്തിന്റെ ചിറകിന് താഴെ കേപ് കോബ്രയെ കണ്ടിരുന്നതായി വോസ്റ്റര്‍ വിമാനത്താവളത്തിലുള്ളവര്‍ തന്നെ അറിയിച്ചിരുന്നതായി റുഡോള്‍ഫ് എറാസ്മസ് പറയുന്നു. തിങ്കളാഴ്ച രാവിലെ പറക്കലിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുമ്പോഴാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അത് എന്‍ജിന്റെ മൂടിക്കടിയില്‍ രക്ഷതേടിയതായും വിമാനത്താവള അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് തുറന്നുനോക്കിയെങ്കിലും അവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ പാമ്പ്‌ രക്ഷപ്പെട്ടിട്ടുണ്ടാവാമെന്നാണ് വിമാനത്താവള അധികൃതര്‍ കരുതിയതെന്നും പൈലറ്റ് പറഞ്ഞു.

വെള്ളക്കുപ്പി സൂക്ഷിക്കുന്ന ഭാഗത്ത് ഇടുപ്പില്‍ തണുപ്പ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. കുപ്പിയില്‍ നിന്ന് വൈള്ളം പുറത്തുപോവുന്നുവെന്നാണ് ആദ്യം കരുതിയത്. തിരിഞ്ഞുനോക്കിയപ്പോഴാണ് പാമ്പാണെന്ന്‌ മനസിലായതെന്നും പൈലറ്റ് പറഞ്ഞു.

ആദ്യം യാത്രക്കാരോട് അറിയിക്കേണ്ടെന്ന് കരുതിയെങ്കിലും, പിന്നീട് അവരോട് പറഞ്ഞ ശേഷമായിരുന്നു വിമാനം നിലത്തിറക്കിയതെന്ന് ഇറാസ്മസ് പറഞ്ഞു. പാമ്പുണ്ടെന്ന് മനസിലാക്കിയ സമയത്ത് വെല്‍കോം വിമാനത്താവളത്തിന് അടുത്തുകൂടെയായിരുന്നു പറന്നുകൊണ്ടിരുന്നത്. തുടര്‍ന്ന് ജോഹനസ്ബര്‍ഗിലെ എയര്‍ കണ്‍ട്രോള്‍ ടവറില്‍ വിളിച്ചറിയിച്ച് അടിയന്തരലാന്‍ഡിങ്ങിന് ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് യാത്രക്കാരെ ഇറക്കി പരിശോധിച്ചപ്പോള്‍ പൈലറ്റിന്റെ സീറ്റിനടിയില്‍ തന്നെ പാമ്പിനെ കണ്ടു. എന്‍ജിനിയര്‍മാരെത്തി വിവിധ ഭാഗങ്ങള്‍ അഴിച്ച് പാമ്പിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വെളിച്ചക്കുറവിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. തുടര്‍ന്ന് തിരച്ചില്‍ പിറ്റേന്ന് രാവിലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.