സ്വന്തം ലേഖകൻ: ഷാരൂഖ് സെയ്ഫിയെ വിശദമായി ചോദ്യംചെയ്താൽ മാത്രമേ തീവ്രവാദബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിന്റെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടാനായത്. കേന്ദ്ര ഏജൻസികളും മഹാരാഷ്ട്ര പോലീസും സഹകരിച്ചു. മഹാരാഷ്ട്ര ഡി.ജി.പി.യുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അനിൽകാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിയെ കോഴിക്കോട്ട് എത്തിച്ചശേഷം ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ ചോദ്യംചെയ്യും. കേരളത്തിൽ മുൻപരിചയമില്ലാത്ത സെയ്ഫി ഒറ്റയ്ക്കായിരിക്കില്ല ആക്രമണം ആസൂത്രണം ചെയ്തതെന്ന വിശ്വാസത്തിലാണ് പോലീസ്. സംഘമായാണ് ആക്രമണം ആസൂത്രണം ചെയ്തതെങ്കിൽ പിന്നിൽ തീവ്രവാദബന്ധമുണ്ടായേക്കാമെന്നാണ് പോലീസ് അനുമാനം.
മുഖത്ത് ഉൾപ്പെടെ പൊള്ളലേറ്റ സെയ്ഫി സംഭവത്തിനുശേഷം കേരളം വിട്ടതിന് തദ്ദേശീയ സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കും. സെയ്ഫി പിടിയിലായതിനു പിന്നാലെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, ഇന്റലിജന്റ്‌സ് മേധാവി ടി.കെ. വിനോദ് കുമാർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് സാഹചര്യം വിലയിരുത്തി.
പ്രതിയെ മൂന്നുദിവസത്തിനകം പിടികൂടിയ അന്വേഷണസംഘത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സംഭവംനടന്ന ഉടൻ കുറ്റക്കാരെ കണ്ടെത്താൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഉടൻ പിടികൂടാൻ കഴിഞ്ഞത് കേരള പോലീസിന്റെ അന്വേഷണമികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജൻസികളുടെ സഹകരണത്തിന്റെയും ഫലമായാണ്. അന്വേഷണത്തിൽ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്., കേന്ദ്ര ഇന്റലിജൻസ്, റെയിൽവേ അടക്കം സഹകരിച്ച മറ്റ് ഏജൻസികൾ എന്നിവരെ മുഖ്യന്ത്രി അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല