1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2023

സ്വന്തം ലേഖകൻ: എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ. മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് ഏപ്രിൽ 28 വരെ 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് കോടതി നടപടികള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തടസമില്ലെന്നുമാണ് ചികിത്സാ റിപ്പോര്‍ട്ട്. ഇതേത്തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനും തീരുമാനമായി. പ്രതിയെ ജയിലിലേക്ക് മാറ്റും.

പ്രതിയെ റിമാൻഡ് ചെയ്തതോടെ അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാൽ, പ്രതിയുടെ ഫിറ്റ്‌നസ് വീണ്ടും പരിശോധിച്ച ശേഷമായിരിക്കും കസ്റ്റഡിയില്‍ വിടണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോടതി വിസമ്മതിച്ചാല്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത് ഇനിയും നീളും.

ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ പ്രതിക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. അതേസമയം യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇന്നലെ നടത്തിയ പരിശോധനയില്‍ പ്രതിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

തീയിട്ട സംഭവത്തിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാരൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്നാണ് അറസ്റ്റിലായ ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞത്. എന്നാൽ, കൃത്യം നടത്തിയത് ഒറ്റയ്ക്കാണെന്നാണ് കേരള പൊലീസിനു നൽകിയ മൊഴി. അതിനാൽ തന്നെ പ്രതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ബുധനാഴ്ച പുലർച്ചെ മഹാരാഷ്ട്ര എടിഎസാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. രത്നാഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മേറിലേക്ക് പോകാനിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങവെയാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.