1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2023

സ്വന്തം ലേഖകൻ: ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ രൂപസാദൃശ്യം ലഭിക്കാന്‍ വാരിസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിങ് മുഖച്ഛായ മാറ്റുന്നതിനുള്ള ശസ്തക്രിയയ്ക്ക് വിധേയനായിരുന്നതായി അടുത്ത അനുയായികളുടെ വെളിപ്പെടുത്തല്‍. 2022 ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് ജോര്‍ജിയയില്‍ വെച്ച് അമൃത്പാല്‍ സിങ് കോസ്‌മെറ്റിക് സര്‍ജറിയ്ക്ക് വിധേയനായി എന്നാണ് വെളിപ്പെടുത്തല്‍.

അസം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന അടുത്ത അനുയായികളാണ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് ഈ രഹസ്യം വെളിപ്പെടുത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയക്കായി അമൃത്പാല്‍ സിങ് രണ്ട് മാസം ജോര്‍ജിയയില്‍ തങ്ങിയതായാണ് അനുയായികള്‍ മൊഴിനല്‍കിയിട്ടുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി അന്വേഷണസംഘം നടപടികള്‍ ആരംഭിച്ചു.

അമൃത്പാല്‍ സിങ് ഒളിവില്‍ പോയതിനുപിന്നാലെ അദ്ദേഹത്തിന്‍റെ അമ്മാവനായ ഹര്‍ജിത് സിങ്, ദല്‍ജിത് സിങ് കല്‍സി എന്നിവരുള്‍പ്പെടെ അമൃത്പാല്‍ സിങ്ങിന്റെ ഏറ്റവുമടുത്ത അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

എന്നാല്‍, വാരിസ് പഞ്ചാബ് ദേയുടെ പുതിയ യുവനേതാവാകാനും നിരവധി പേരുടെ ആരാധനാപാത്രമാകാനും ഏതാനും മാസങ്ങള്‍ക്കൊണ്ട് അമൃത്പാലിന് സാധിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷാസ്വാധീനമൊഴികെ ബാക്കിയെല്ലാ കാര്യങ്ങളിലും, രൂപത്തിലും ഭാവത്തിലും വസ്ത്രധാരണത്തിലും ഉൾപ്പെടെ, ഭിന്ദ്രന്‍വാലയുടേതിന് സമാനമാണ് അമൃത്പാല്‍ സിങ്ങിന്‍റെ രീതികൾ.

ഭിന്ദ്രന്‍വാലയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും അമൃത്പാല്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. വിഘടനവാദിയും ഭിന്ദ്രന്‍വാലയുടെ അനുയായുമാണ് താനെന്ന് അമൃത്പാല്‍ ആവര്‍ത്തിച്ചിരുന്നു. മറ്റൊരു ഭിന്ദ്രന്‍വാലയാകാനുള്ള പദ്ധതികള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പുതന്നെ അമൃത്പാല്‍ സിങ് തയ്യാറാക്കിയിരുന്നു എന്നാണ് ഇയാളെക്കുറിച്ചുള്ള അനുയായികളുടെ പുതിയ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്.

സാമൂഹികമാധ്യമങ്ങളില്‍ ലയിച്ച് ജീവിച്ച ഒരു സാധാരണ പഞ്ചാബുകാരന്‍ എന്നതിലുപരി 2022 ഓഗസ്റ്റ് വരെ അമൃത്പാല്‍ സിങ് സിഖ് മതവിശ്വാസപ്രകാരമുള്ള തലപ്പാവ് പോലും ധരിച്ചിരുന്നില്ല എന്നാണ് വിവരം. എന്‍ജിനീയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതായും ദുബായില്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസുകാരനായിരുന്നെന്നുമാണ് അമൃത്പാല്‍ സിങ്ങിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ.

മാര്‍ച്ച് 18-ന് ഒളിവില്‍പോയ അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ പഞ്ചാബിലും അയല്‍സംസ്ഥാനങ്ങളിലും ഊര്‍ജിതമായി തുടരുകയാണ്. പോലീസിന്റെ പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതടക്കം ആറ് കേസുകള്‍ അമൃത്പാല്‍ സിങ്ങിനെതിരെ നിലവിലുണ്ട്. പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന് പുറമെ വധശ്രമം, പോലീസുകാരെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.