സ്വന്തം ലേഖകൻ: നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ-യിലേക്ക്. മെയ് ഏഴിന് അദ്ദേഹം അബുദാബിയിലെത്തും. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.
യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലെത്തുന്നത്. രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മെയ് ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണല്‍ തീയേറ്ററില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ പൊതുജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കും. വിവിധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇതിന് മുമ്പും മുഖ്യമന്ത്രി അബുദബിയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊതുജനങ്ങളുമായി സംവദിക്കുന്നത്. മെയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാര്‍, എസ്.എഫ്.സി. മുരളി, ജെമിനി ബാബു, രാജന്‍ അമ്പലത്തറ, ഡി. നടരാജന്‍, റഫീഖ് കയനിയില്‍, കുഞ്ഞിരാമന്‍ നായര്‍ കെ.വി.ആര്‍. എന്നിവരാണ് സംഘാടക സമിതി രക്ഷാധികാരികൾ. അഡ്വക്കറ്റ് അന്‍സാരി സൈനുദീനെ ചെയർമാനായും തിരഞ്ഞെടുത്തു. കെ.എസ്.സി. പ്രസിഡന്റ് വി.പി. കൃഷ്ണകുമാറാണ് കൺവീനർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല