സ്വന്തം ലേഖകൻ: എലത്തൂരിൽ തീവണ്ടി യാത്രക്കാർക്കുനേരെ പെട്രോളൊഴിച്ച് തീവെച്ച കേസിൽ തീവ്രവാദബന്ധം പരിശോധിക്കണമെന്ന് പോലീസിന്റെ കസ്റ്റഡി റിപ്പോർട്ട്. പ്രതി ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്.
ഷാരൂഖ് സെയ്ഫിക്ക് കേരളത്തിൽനിന്ന് സഹായം കിട്ടിയോ എന്ന് പരിശോധിക്കണമെന്നും കേരളത്തിനകത്തും പുറത്തും തെളിവെടുപ്പ് നടത്തണമെന്നും സാക്ഷികൾക്കു മുന്നിലെത്തിച്ച് തിരിച്ചറിയണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ ആറിന് രാത്രി പത്തുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നത്. മൂന്നുപേജുള്ള റിപ്പോർട്ടാണ് മജിസ്ട്രേറ്റിനുമുന്നിൽ സമർപ്പിച്ചത്.
ഡൽഹിയിൽനിന്ന് സമ്പർക്കക്രാന്തി എക്സ്‌പ്രസിൽ ഞായറാഴ്ച പുലർച്ചെയാണ് ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത്. തുടർന്ന് മറ്റൊരു തീവണ്ടിയിൽ വൈകീട്ടോടെ ഷൊറണൂരിലെത്തിയതായാണ് വിവരം. ഇവിടെനിന്ന് ഓട്ടോറിക്ഷയിൽ പമ്പിലെത്തി പെട്രോൾ വാങ്ങി അതേ ഓട്ടോയിൽ തിരിച്ച് റെയിൽവേ സ്റ്റേഷനിലെത്തി കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസിൽ കയറി. ഇയാൾ ഷൊർണൂരിൽനിന്ന് പെട്രോൾ വാങ്ങിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കുളപ്പുള്ളി റോഡിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെയും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെയും വിവിധ സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളാണ് ശേഖരിച്ചത്.
ഷാരൂഖ് സെയ്ഫിയെ തിരിച്ചറിഞ്ഞ ഓട്ടോ ഡ്രൈവർ പോലീസിന് ഇതു സംബന്ധിച്ച വിവരം നൽകിയതായാണ് സൂചന. രണ്ട് കുപ്പികളിലായി രണ്ടു ലിറ്റർ പെട്രോൾ വാങ്ങിയതായാണ് പമ്പിലുള്ളവർ പറയുന്നത്. ഓട്ടോ ഡ്രൈവറെ കുറിച്ചുള്ള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല