സ്വന്തം ലേഖകൻ: ഈസ്റ്റര്‍ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദർശിക്കും. വൈകിട്ട് ആറു മണിയോടെയാകും മോദിയെത്തുക. ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷങ്ങളോടുള്ള പിന്തുണ തെളിയിക്കുന്നതാകും പ്രധാനമന്ത്രിയുടെ സന്ദർശനമെന്നു ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞു.
‘‘പ്രധാനമന്ത്രി വരുമെന്ന് അറിഞ്ഞതിൽ ഞങ്ങൾ ആവേശഭരിതരാണ്. പ്രധാനമന്ത്രി പദവിയിലിരിക്കെ ഒരാൾ ചർച്ച് സന്ദർശിക്കുന്നത് ആദ്യമാണെന്നു കരുതുന്നു. പ്രധാനമന്ത്രി നേരിട്ടു വരുന്നത് വലിയൊരു സന്ദേശമാണ്. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ അദ്ദേഹം സംരക്ഷിക്കുമെന്ന് ഞങ്ങൾക്ക് അറിയാം’’– ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു.
അരമണിക്കൂറോളം ഇവിടെ ചെലവിടുന്ന മോദി, പ്രാർഥനയിൽ പങ്കെടുക്കുകയും പള്ളിമുറ്റത്തെ പൂന്തോട്ടത്തിൽ ചെടി നടുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തേമുതൽ ക്രൈസ്തവ സഭകളുമായി അടുക്കാൻ ബിജെപിക്ക് പദ്ധതിയുണ്ടായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് ചര്‍ച്ചകളും നീക്കങ്ങളും സജീവമായത്. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷനുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തിൽ ഈസ്റ്റർ ദിനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരനും മുതിര്‍ന്ന നേതാക്കളും സഭാധ്യക്ഷന്മാരെ നേരില്‍ കണ്ട് ഈസ്റ്റർ ആശംസകള്‍ നേര്‍ന്നു. തിരുവനന്തപുരം ലത്തീന്‍സഭാ ആസ്ഥാനത്താണ് മുരളീധരൻ എത്തിയത്. ആര്‍ച്ച് ബിഷപ് തോമസ് ജെ.നെറ്റോ സ്വീകരിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് ആശംസകൾ നേരാൻ ബിജെപി ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിയാണ് എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല