സ്വന്തം ലേഖകൻ: കോഴിക്കോട് ട്രെയിന്‍ തീവെയ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി തീവ്ര മൗലികവാദിയാണെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍. ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും എഡിജിപി വ്യക്തമാക്കി. ഷാരൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ള ആളാണെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു. സാക്കീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വിഡിയോ ഷാരൂഖ് നിരന്തരം കണ്ടിരുന്നതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയതായും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണം നടത്താന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കേരളത്തിലെത്തിയത്. രണ്ടാഴ്ചത്തെ അന്വേഷണം കൊണ്ട് കുറ്റകൃത്യത്തെക്കുറിച്ചും പ്രതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പരമാവധി ശേഖരിക്കാനായി. പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ, ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ പരിശോധന നടക്കുകയാണ്, അതിനു കൂടുതല്‍ സമയം വേണ്ടിവരും. ശാസ്ത്രീയമായാണ് അന്വേഷണം മുന്നോട്ടുപോവുന്നത്. അന്വേഷണത്തെ വഴിതിരിച്ചുവിടുന്നതിന് പ്രതിയില്‍നിന്നു ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്ന് ചോദ്യത്തിനു മറുപടിയായി എഡിജിപി പറഞ്ഞു.
ഇരുപത്തിയേഴു വയസ്സുകാരനായ ഷാരൂഖ് സെയ്ഫി നാഷണല്‍ ഓപ്പണ്‍ സ്‌കൂളില്‍ പഠിച്ചയാളാണ്. പ്ലസ് ടുവാണ് വിദ്യാഭ്യാസം. ആദ്യമായാണ് സെയ്ഫി കേരളത്തില്‍ വരുന്നത്. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എഡിജിപി വ്യക്തമാക്കി.
കേസില്‍ മറ്റ് സംസ്ഥാനങ്ങളിലടക്കം വിശദമായ അന്വേഷണം നടത്തി. മറ്റ് സംസ്ഥാന പൊലീസുമായും കേന്ദ്ര ഏജന്‍സികളുമായും അന്വേഷണം നടത്തി. കിട്ടിയ എല്ലാ തെളിവുകളെയും അടിസ്ഥാനമാക്കിയാണ് ഇന്നലെ യുഎപിഎ ചുമത്തിയത്. രണ്ടാഴ്ചക്കുള്ളില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ സംഘം കണ്ടെത്തി. പ്രതിക്ക് സഹായം ലഭിച്ചോയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല