സ്വന്തം ലേഖകൻ: സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കണമെന്ന ആവശ്യത്തിനെതിരേ ശക്തമായ നിലപാടുമായി കേന്ദ്ര സർക്കാർ. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തു.
ഇതിനിടെ സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കരുത് എന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും സുപ്രീം കോടതിയെ സമീപിച്ചു. സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള വിവിധ ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം വീണ്ടും നിലപാട് കടുപ്പിച്ചത്.
എന്നാൽ ഈ ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്. സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കാനുള്ള അധികാരം നിയമനിർമ്മാണ സഭകൾക്കാണ്. കോടതിക്ക് അതിനുള്ള അധികാരം ഇല്ലെന്നും കേന്ദ്രത്തിന്റെ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്നത് രാജ്യത്തിന്റെ മുഴുവൻ ആവശ്യം അല്ല. നഗരങ്ങളിലെ വരേണ്യവർഗ്ഗത്തിൽ പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണതെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സ്വവർഗ്ഗ ദമ്പതികൾക്ക് കുട്ടികളെ ദത്ത് എടുക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല