
സ്വന്തം ലേഖകൻ: ചാൾസ് രാജാവിന്റെ ഔദ്യോഗിക കിരീടധാരണ ഘോഷയാത്രയിൽ ആറായിരത്തിൽപ്പരം ബ്രിട്ടീഷ് സേനാംഗങ്ങൾ പങ്കെടുക്കും. എഴുപത് വർഷത്തിനിടയിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. യുകെ ഉൾപ്പടെ മുപ്പതിലധികം കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള സൈനികർ ചേർന്ന് ഏറ്റവും വലിയ സൈനിക ആഘോഷമാണ് ഒരുക്കുന്നത്. മെയ് ആറിനാണു കിരീടധാരണം.
ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ 1000 വർഷം പഴക്കമുള്ള പാരമ്പര്യ ചടങ്ങുകളോടെയാണ് ചാൾസിന്റെ കിരീടധാരണം. കിരീടധാരണ സമയത്തു രാജ്യത്തുടനീളമുള്ള സൈനിക താവളങ്ങളിൽ നിന്നും ബ്രിട്ടീഷ് യുദ്ധക്കപ്പലുകളിൽ നിന്നും ഗൺ സല്യൂട്ട് മുഴങ്ങും. പിന്നാലെ അറുപതിലധികം വിമാനങ്ങൾ അണിനിരക്കുന്ന ഫ്ളൈപാസ്റ്റും നടക്കും. ഗംഭീര വരവേൽപ്പാണ് യുകെ പുതിയ രാജാവിനായി ഒരുക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് ചാൾസിനെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എഴുപതു വർഷം സിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്കുശേഷം എട്ട് മാസങ്ങൾ കഴിഞ്ഞാണ് കിരീടധാരണം. 1953 ലെ എലിസബത്തിന്റെ കിരീടധാരണത്തിൽനിന്ന് കുറച്ച് വ്യത്യാസങ്ങൾ വരുത്തിയാണ് പുതിയ കിരീടധാരണ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട വിമുക്ത ഭടന്മാമാരെയും എൻഎച്ച്എസ് ജീവനക്കാരെയും ചടങ്ങിലേക്കു പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല