1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2023

സ്വന്തം ലേഖകൻ: കേരളത്തില്‍ ബിജെപിയുടെ ആശിര്‍വാദത്തോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി നിലവില്‍ വരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഒരു വിഭാഗം ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിടും. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കുറച്ചുനാളുകളായി ഈ പാര്‍ട്ടിയുടെ രൂപവത്കരണത്തിനുള്ള അണിയറ നീക്കങ്ങള്‍ നടന്നുവരുകയായിരുന്നു.

പുതിയ രാഷ്ട്രീയ സാഹചര്യംകൂടി പരിഗണിച്ചാണ് എന്‍പിപിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കം നടക്കുന്നത്. മുന്‍ എം.എല്‍.എമാരായ ജോണി നെല്ലൂര്‍, എംഎല്‍എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു തുടങ്ങിയവരാകും എന്‍.പി.പിയുടെ തലപ്പത്തെന്നാണ് റിപ്പോര്‍ട്ട്‌. കാസ സംഘടന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ് നിലവില്‍ ജോണി നെല്ലൂര്‍. ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ജോണി നെല്ലൂര്‍ ജോസഫ് ഗ്രൂപ്പ് വിടുന്ന പ്രഖ്യാപനം നടത്തിയേക്കും. കഴിഞ്ഞ ദിവസം പത്തനംതിട്ട യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച വിക്ടര്‍ ടി.തോമസും ജോണി നെല്ലൂരിനൊപ്പം പുതിയ പാര്‍ട്ടിയുടെ ഭാഗമായേക്കും.

ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ കൂടെ ആശിര്‍വാദത്തോടെയാണ്‌ പുതിയ പാര്‍ട്ടിയുടെ രൂപീകരണമെന്നാണ് വിവരം. ചില കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെയായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്.

ഡല്‍ഹി, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പലതവണ കഴിഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും പങ്കെടുത്തതായാണ് അറിയുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പുതിയ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് നല്‍കുന്നതു സംബന്ധിച്ചും ചര്‍ച്ചയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.