1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2023

സ്വന്തം ലേഖകൻ: മലയാളി യുവതയുമായി സംവാദത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. വൈകിട്ട് 5.30നു തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനത്താണു ‘യുവം 2023’ സംഗമം. രാഷ്ട്രീയ, ജാതി, മത പരിഗണനയില്ലാതെ വിവിധ മേഖലകളിലെ യുവാക്കളുടെ വൻ സഞ്ചയം പരിപാടിയിൽ പങ്കെടുക്കുമെന്നു സംഘാടകർ പറഞ്ഞു. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമടക്കം ഒന്നര ലക്ഷം പേർ ഇതിനകം റജിസ്റ്റർ ചെയ്തതായ അവർ അറിയിച്ചു.

സിനിമാതാരങ്ങളായ യഷ്, ഋഷഭ് ഷെട്ടി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവർ പരിപാടിക്ക് എത്തുമെന്നാണു വിവരം. മലയാളത്തിലെ യുവതാരങ്ങളുമുണ്ടാകുമെന്നു സംഘാടകർ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ആവശ്യങ്ങളും യുവാക്കളിൽനിന്നു പ്രധാനമന്ത്രി തേടും. അവരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകും. വിവിധ രംഗങ്ങളിൽ ഇന്ത്യയിൽതന്നെ ബഹുദൂരം മുന്നിലെത്തേണ്ട കേരളം എന്തുകൊണ്ടു പിന്നാക്കംപോയി എന്നതു കേരളീയ യുവതതന്നെ വെളിപ്പെടുത്തുന്ന വേദിയാകുമിതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

വൈകിട്ട് 5നു കൊച്ചി വില്ലിങ്ഡൺ ഐലൻ‍ഡിൽ നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു വെണ്ടുരുത്തി പാലം കടന്നു തേവരയിലെ വേദിയിലേക്കു മെഗാ റോഡ് ഷോ ആയാണ് എത്തുക. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളുണ്ടാവും. ‘യുവം’ സംഗമത്തിനു ശേഷം നാളെ രാത്രി കൊച്ചിയിൽ തങ്ങുന്ന നരേന്ദ്രമോദി ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്കു തിരിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് 24ന് ഉച്ചയ്ക്കു ശേഷവും 25നു രാവിലെയും തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്റ്റ് ജംക്‌ഷൻ എന്നിവിടങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. 24നു വൈകിട്ട് 4 മുതൽ ഗതാഗതനിയന്ത്രണം ആരംഭിക്കും. പൊലീസ് റൂറൽ ജില്ലയിലും നിയന്ത്രണമുണ്ട്. 24നു വൈകിട്ടു 4.30 മുതൽ ദേശീയപാതയിൽ കറുകുറ്റി മുതൽ മുട്ടം വരെ വലിയ വാഹനങ്ങൾക്കു പ്രവേശനമില്ല. 25നു രാവിലെ 9 മുതൽ 11 വരെയും ഇവിടെ വലിയ വാഹനങ്ങൾക്കു നിയന്ത്രണമുണ്ടാകും. റോഡരികിൽ വാഹന പാർക്കിങ് അനുവദിക്കില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ നടത്തുന്ന മെഗാ റോഡ് ഷോ വൻ വിജയമാക്കാൻ ബിജെപി. എറണാകുളത്തിനു പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ തുടങ്ങിയ അയൽ ജില്ലകളിൽനിന്നും പ്രവർത്തകരെ എത്തിച്ചു റോഡ് ഷോ വൻ വിജയമാക്കാനാണു തീരുമാനം. നാവികസേനാ ആസ്ഥാനം മുതൽ തേവരയിലെ വേദിക്കു സമീപം വരെ ഇരുവശവും ബിജെപി പതാകകൾ നിറഞ്ഞു. വെണ്ടുരുത്തി പാലത്തിനിരുവശവും സൗത്ത് ഓവർ ബ്രിജിനിരുവശവുമെല്ലാം ബിജെപി പതാകകൾകൊണ്ട് അലംകൃതമായി.

വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനു കഴിഞ്ഞ വർഷം കൊച്ചിയിലെത്തിയപ്പോൾ നെടുമ്പാശേരിയിൽ രാജ്യാന്തര വിമാനത്താവള വളപ്പിൽ നടത്തിയ പൊതുസമ്മേളനത്തിൽ പ്രതീക്ഷിച്ചത്ര ജനമെത്തിയില്ല. ഇതു പാർട്ടിയിൽ വലിയ ചർച്ചയ്ക്കു വഴിവച്ചിരുന്നു. അന്നത്തെ ക്ഷീണം തീർക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാറിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണു കൊച്ചിയിലെ പരിപാടികളുടെ സംഘാടനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.