സ്വന്തം ലേഖകൻ: യാത്രക്കിടെ വിമാനം വൈകുന്നത് സാധാരണ സംഭവമാണ്. പ്രതികൂല കാലാവസ്ഥ മൂലമോ മറ്റെന്തെങ്കിലും അപകടത്തെ തുടര്‍ന്നോ വിമാനം വൈകാറുണ്ട്. എന്നാല്‍ വിമാനത്തില്‍ വീണ ഭക്ഷണാവശിഷ്ടത്തിന്റെ പേരില്‍ വിമാനം മണിക്കൂറുകള്‍ വൈകുന്നത് ആദ്യ സംഭവമാകും.
അറ്റ്ലാന്റയില്‍ നിന്ന് ടെക്സാസിലേക്ക് പുറപ്പട്ട സൗത്ത് വെസ്റ്റ് വിമാനത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. അജ്ഞാതനായ യാത്രക്കാരന് വിമാനത്തിലെ പാസേജില്‍ വീഴ്ത്തിയ ഭക്ഷണാവശിഷ്ടം നീക്കം ചെയ്യാതെ ടേക്ക് ഓഫ് അനുവദിക്കില്ലെന്ന് എയര്‍ ഹോസ്റ്റസ് വാശിപിടിക്കുകയായിരുന്നു.
അരി കൊണ്ടുള്ള ഒരു വിഭവം ഏകദേശം ഒരു പ്ലേറ്റോളമാണ് വിമാനത്തിലെ പാസേജില്‍ വീണുകിടന്നത്. ഇത് ശ്രദ്ധയില്‍പെട്ട എയര്‍ഹോസ്റ്റസ് ക്ഷുഭിതയാവുകയായിരുന്നു. ഭക്ഷണം നിലത്തുവീഴ്ത്തിയ ആള് തന്നെ വൃത്തിയാക്കണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു.
എന്നാല്‍ യാത്രക്കാരില്‍ ആരും തന്നെ വൃത്തിയാക്കാന്‍ മുന്നോട്ടുവന്നില്ല. ഈ പ്രവര്‍ത്തി ചെയ്തത് ആരാണെന്നും വ്യക്തമാക്കിയില്ല. ഇതോടെ വിമാന ജീവനക്കാരി തന്നെ ഭക്ഷണാവശിഷ്ടം വൃത്തിയാക്കി. യാത്രക്കാരെ ചീത്തവിളിച്ചായിരുന്നു അവര്‍ അത് ചെയ്തതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഭവങ്ങളെല്ലാം യാത്രക്കാര്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഇതിന് താഴെ വിമാനത്തിലെ ജീവനക്കാരെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പ്രതിരണങ്ങളെത്തി. വിമാന ജീവനക്കാരും മനുഷ്യരാണെന്നും അവര്‍ക്കും ക്ഷീണവും ബുദ്ധിമുട്ടും ഉണ്ടാകുമെന്നും ആളുകള്‍ പറയുന്നു. എന്നാല്‍ വിമാനത്തിനുള്ളില്‍ കയറുമ്പോള്‍ തന്നെ തറയില്‍ മാലിന്യം കിടന്നിരുന്നത് ശ്രദ്ധിച്ചുവെന്നാണ് പല യാത്രക്കാരും പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല