
സ്വന്തം ലേഖകൻ: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ 20 ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ട ചൈനീസ് അതിക്രമത്തിനുശേഷം ആദ്യമായി ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തുന്നു. ഏപ്രിൽ 27-നും 28-നും ന്യൂഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്.സി.ഒ.) സുപ്രധാന യോഗത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു, റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു തുടങ്ങിയവർ പങ്കെടുക്കുക.
പാകിസ്താൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫിന്റെ പങ്കാളിത്തം സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഓൺലൈനായി പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്. മറ്റ് അംഗരാജ്യങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. തീവ്രവാദ ഭീഷണിയും അഫ്ഗാനിസ്താനിലെ സാഹചര്യവും ഉൾപ്പെടെ പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിക്കും.
മൂന്നുവർഷമായി കിഴക്കൻ ലഡാക്കിൽ തുടരുന്ന അതിർത്തിത്തർക്കത്തിനിടയിലാണ് ചൈനീസ് പ്രതിരോധ മന്ത്രിയുടെ സന്ദർശനം. ഇതിനു പിന്നാലെ എസ്.സി.ഒ. വിദേശകാര്യ മന്ത്രിമാരുടെ യോഗം മേയ് നാലിനും അഞ്ചിനും ഗോവയിലും ചേരുന്നുണ്ട്. ഈ യോഗത്തിൽ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുക്കുമെന്ന് പാകിസ്താൻ അറിയിച്ചിട്ടുണ്ട്.
ഇന്ത്യ, റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാഖ്സ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ, പാകിസ്താൻ എന്നിവയാണ് എസ്.സി.ഒ. അംഗരാജ്യങ്ങൾ. റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാഖ്സ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് എസ്.സി.ഒ. സ്ഥാപിച്ചത്. 2017-ലാണ് ഇന്ത്യയും പാകിസ്താനും സ്ഥിരാംഗങ്ങളായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല